മാവേലിക്കര
ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വൃദ്ധദമ്പതികളെ ബംഗ്ലാദേശ് സ്വദേശികൾ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ലബിലു ഹസന് വധശിക്ഷയും ഇരട്ട ജീവപര്യന്തവും. രണ്ടാം പ്രതി ജൂവൽ ഹസന് മൂന്നു ജീവപര്യന്തമാണ് ശിക്ഷ. ഇരുവർക്കും നാലു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. മാവേലിക്കര അഡി. ജില്ലാ കോടതി- 2 ജഡ്ജി കെന്നത്ത് ജോർജാണ് ഉത്തരവിട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും 110 പേജുള്ള വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
ചെങ്ങന്നൂർ കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ (കുഞ്ഞുമോൻ, -76), ഭാര്യ ഏലിക്കുട്ടി ചെറിയാൻ (ലില്ലി-, 68) എന്നിവരെ 2019 നവംബർ 11 ന് ബംഗ്ലാദേശികളായ ലബിലു ഹസൻ (39), ജൂവൽ ഹസൻ (24) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലചെയ്യുമ്പോൾ രണ്ടാം പ്രതി ജൂവൽ ഹസന്റെ പ്രായം കണക്കിലെടുത്താണ് തൂക്കുകയറിൽ നിന്ന് ഒഴിവായത്. പിഴത്തുക കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളായ ബിന്ദു റെജുവിനും ബിപു ചെറിയാനും പ്രതികൾ നൽകണം. ബിന്ദു കേസിലെ 48-ാം സാക്ഷിയും ബിപു 53-ാം സാക്ഷിയുമാണ്. പിഴ ഒടുക്കിയില്ലെങ്കിൽ രണ്ടു വർഷം വീതം അധികതടവും പ്രതികൾ അനുഭവിക്കണം.
പ്രാകൃത കൊലപാതകമെന്ന് കോടതി
മാവേലിക്കര
മാവേലിക്കര കോടതിയുടെ ചരിത്രത്തിലെ സുപ്രധാന വിധികളിലൊന്നാണ് അഡീ. ജില്ലാ കോടതി- 2 ജഡ്ജി കെന്നത്ത് ജോർജ് പ്രസ്താവിച്ചത്. ഏലിക്കുട്ടിയെ കൊന്നത് ഏറ്റവും ക്രൂരവും പ്രാകൃതവുമായ രീതിയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മൺവെട്ടിയ്ക്ക് പറമ്പു കിളയ്ക്കുന്നത് പോലെയാണ് ഏലിക്കുട്ടിയുടെ മുഖം വെട്ടിപ്പൊളിച്ചത്. അതിക്രൂര മനസുള്ള ഒരാൾക്കേ ഒരു സ്ത്രീയെ ഇത്ര ക്രൂരമായി കൊലപ്പെടുത്താൻ കഴിയൂ. അണുകുടുംബങ്ങൾക്കുള്ള ഒരു സന്ദേശമാകണം വിധി. മക്കൾ വിദേശത്തും പ്രായമായ മാതാപിതാക്കൾ നാട്ടിൽ തനിച്ചും കഴിയുന്ന ഇത്തരം ധാരാളം കുടുംബങ്ങൾ സമൂഹത്തിലുണ്ട്.
പ്രതികൾ ഇന്ത്യയിലെത്തി 12 ദിവസത്തിനുള്ളിലാണ് കൊലപാതകം. കൊല്ലപ്പെട്ടവരുടെ ഭാഗത്തുനിന്ന് പ്രതികളോട് ശത്രുതയോ പ്രകോപനമോ ഉണ്ടായിരുന്നില്ല. 2012 മെയ് 31 ന് ശേഷം ഇതാദ്യമായാണ് ഇതേ കോടതിയിൽ നിന്ന് ഒരു പ്രതിയെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2011 ഒക്ടോബർ 24 ന് മാവേലിക്കര ഓലകെട്ടിയമ്പലത്തിൽ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ പെൺകുട്ടിയെ കൊന്ന കേസിൽ വിശ്വരാജ് എന്നയാളായിരുന്നു പ്രതി. ഇയാളുടെ വധശിക്ഷ പിന്നീട് ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു.