തിരുവനന്തപുരം
സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ നാളുകളായി നീറിപ്പുകയുന്ന രോഷം പൊട്ടിത്തെറിയിലേക്ക്. കെ സുരേന്ദ്രനും വി മുരളീധരനുമുള്പ്പെടുന്ന നേതൃത്വത്തിനെതിരെ വിമതർ ഒന്നിച്ച് ജില്ലകളില്‍ ‘അടൽജി ഫൗണ്ടേഷൻ ’ എന്ന പേരിൽ സമാന്തര സംഘങ്ങൾ രൂപീകരിക്കുന്നു.
സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ആദ്യയോഗം 13 ന് കൊല്ലത്ത് ചേരും. സ്വാതന്ത്ര്യ സമരസേനാനികൾക്ക് ആദരമർപ്പിക്കുന്ന ചടങ്ങായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്. പി പി മുകുന്ദൻ, സി കെ പത്മനാഭൻ, കെ രാമൻപിള്ള, ഒ രാജഗോപാൽ, എം എസ് കുമാർ തുടങ്ങി മുൻനിര നേതാക്കൾ പങ്കെടുക്കും. നിലവിൽ സുരേന്ദ്രൻ വിഭാഗത്തിനെതിരെ ശക്തമായ നിലപാട് എടുത്തുനിൽക്കുന്ന എ എൻ രാധാകൃഷ്ണൻ, എം ടി രമേശ് എന്നിവരും പങ്കെടുത്തേക്കും.
വിമതപക്ഷ സംഘാടനത്തിന് നേതൃത്വം നൽകുന്നത് കൊല്ലത്തെ ബിജെപിയുടെ മുൻ ജില്ലാ അധ്യക്ഷരും നേതാക്കളുമായ കെ ശിവദാസൻ, പട്ടത്താനം രാധാകൃഷ്ണൻ, കിഴക്കനേല സുധാകരൻ, വയക്കൽ മധു, മുൻ സംസ്ഥാന ട്രഷറർ എം എസ് ശ്യാംകുമാർ തുടങ്ങിയവരാണ്.