മാഡ്രിഡ്
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ തേടി പിഎസ്ജി ഇന്ന് മാഡ്രിഡിലേക്ക്. ആദ്യപാദത്തിൽ നേടിയ ഒരു ഗോൾ ജയത്തിന്റെ ആനുകൂല്യത്തിലാണ് പാരിസുകാർ റയൽ മാഡ്രിഡ് തട്ടകത്തിലെത്തുന്നത്. കണക്കുതീർത്ത് മുന്നേറാനുള്ള വാശിയിലാണ് റയൽ. ബെർണാബ്യൂവിൽ പോരാട്ടം കനക്കും. പാരിസിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടറിൽ കിലിയൻ എംബാപ്പെയുടെ മിന്നുംഗോളിലാണ് പിഎസ്ജി കുതിച്ചത്. കളിയിൽ പൂർണ മേധാവിത്തം നേടിയിട്ടും ജയം ഒറ്റഗോളിൽ ഒതുങ്ങിയത് പിഎസ്ജിക്ക് നിരാശയായി. ലയണൽ മെസി പെനൽറ്റി പാഴാക്കിയതും തിരിച്ചടിയായി. അതിനിടെ പരിശീലനത്തിനിടെ പരിക്കുപറ്റിയ എംബാപ്പെ കളിക്കുന്ന കാര്യത്തിലും സംശയമുണ്ട്. രണ്ടാംപാദ മത്സരത്തിനുള്ള ടീമിലുണ്ട് ഫ്രഞ്ചുകാരൻ. ലയണൽ മെസിക്കും ശാരീരിക അസ്വസ്ഥതകളുണ്ട്.
ആദ്യപാദത്തിൽ നെയ്മർ പകരക്കാരനായാണ് ഇറങ്ങിയത്. മാഡ്രിഡിൽ ആദ്യപതിനൊന്നിലെത്തും. ഗോൾ കീപ്പറായി ജിയാൻല്യൂജി ദൊന്നുരുമ്മയ്ക്ക് പകരം കെയ്-ലർ നവാസ് ഇടംപിടിക്കാനാണ് സാധ്യത. പ്രതിരോധത്തിൽ അച്റഫ് ഹക്കീമി സംശയത്തിലാണ്. പിഎസ്ജിയുടെ ഒരുക്കം മികച്ചതായിരുന്നില്ല. ലീഗിലെ അവസാനമത്സരത്തിൽ നീസിനോട് തോറ്റു. എംബാപ്പെ ഈ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല. മെസിയും നെയ്മറും എയ്ഞ്ചൽ ഡി മരിയയുമായിരുന്നു മുന്നേറ്റത്തിൽ.
മറുവശത്ത് റയൽ സ്പാനിഷ് ലീഗിൽ മികച്ച പ്രകടനം തുടരുകയാണ്. അവസാന മൂന്ന് കളിയിൽ ആധികാരിക ജയം നേടി. കരിം ബെൻസെമയും വിനീഷ്യസ് ജൂനിയറും മുന്നേറ്റത്തിൽ തിളങ്ങുന്നു. എന്നാൽ, പിഎസ്ജിക്കെതിരെ ഇറങ്ങുമ്പോൾ പ്രതിസന്ധിയിലാണ് റയൽ. മധ്യനിരയിൽ കാസെമിറോയും പ്രതിരോധത്തിൽ ഫെർലാൻഡ് മെൻഡിയും സസ്പെൻഷൻ കാരണം പുറത്താണ്. ഇരുവരുടെയും അഭാവം തിരിച്ചടിയാകും. ടോണി ക്രൂസും ഏണെസ്റ്റോ വാൽവെർദയും ഉറപ്പില്ല. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർടിങ് സിപിയുമായി കളിക്കും. ആദ്യപാദത്തിൽ അഞ്ച് ഗോളിന് ജയിച്ച സിറ്റിക്ക് ക്വാർട്ടർ ഏറെക്കുറെ ഉറപ്പിച്ചു. സിറ്റിയുടെ തട്ടകത്തിലാണ് കളി.