മിൻസ്ക്
ഉക്രയ്നിൽ റഷ്യയുടെ സൈനിക നടപടി തുടരുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള മൂന്നാംഘട്ട സമാധാന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ബെലാറസിലാണ് മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നത്. പ്രതീക്ഷിച്ച ഫലമുണ്ടാക്കാൻ ചർച്ചയ്ക്ക് കഴിഞ്ഞില്ലെന്ന് റഷ്യയുടെ മുഖ്യപ്രതിനിധി വ്ലാദിമിർ മെദിൻസ്കി പറഞ്ഞു. മാനുഷിക ഇടനാഴികൾ തുറക്കുന്ന കാര്യത്തിൽ ഗുണകരമായ മാറ്റമുണ്ടായതായി ഉക്രയ്ൻ പ്രതിനിധി മിഖായേൽ പോദോലിയാക് പ്രതികരിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച മാനുഷിക ഇടനാഴികൾ വഴിയുള്ള ഒഴിപ്പിക്കൽ ഉക്രയ്ന്റെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്നു. സമാധാന ചർച്ചയുമായി മുന്നോട്ടുപോകാനും ഇരുപക്ഷവും തീരുമാനിച്ചു. നാലാംഘട്ടം ഉടൻ ഉണ്ടായേക്കും.
വെടിനിർത്തലും സുരക്ഷാ ഉറപ്പുകളും ഉൾപ്പെടുത്തി ഒത്തുതീർപ്പ് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ലെന്ന് പോദോലിയാക് പറഞ്ഞു. ഉക്രയ്നെ നാസിമുക്തമാക്കുക, നിരായുധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റഷ്യ മുന്നോട്ടുവച്ചിട്ടുള്ളത്.
ക്രീമിയ, ഡൊണെട്സ്ക്, ലുഹാൻസ്ക് എന്നിവയുടെ സ്വതന്ത്ര പദവി അംഗീകരിക്കാനാകില്ലെന്ന് ഉക്രയ്ൻ പറഞ്ഞിരുന്നു. ചർച്ചയുടെ പരിഹാരം രണ്ടുമൂന്ന് ചുവടുകൾക്ക് അപ്പുറമാണെന്ന് ചിന്തിക്കരുതെന്നും സമയമെടുക്കുമെന്നും റഷ്യൻ പ്രതിനിധി ലിയോണിഡ് സ്ലട്സ്കി പറഞ്ഞു.
ഉക്രയ്ന് വിട്ടോടിയത്
20 ലക്ഷം പേര്
റഷ്യന്‍ സൈനിക നടപടിയെത്തുടര്‍ന്ന് ഉക്രയ്നില്‍നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 20 ലക്ഷം പിന്നിട്ടതായി യുഎന്‍ അഭയാര്‍ഥി ഹൈക്കമീഷന് (യുഎന്‍എച്ച്സിആര്‍). യുഎന്നിന്റെ കണക്ക് പ്രകാരം രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വേഗമേറിയ പലായനമാണിത്. 12 ലക്ഷത്തോളം പേർ പോളണ്ടിലേക്ക് പലായനം ചെയ്തു. തിങ്കളാഴ്ചമാത്രം, 1,41500 പേര് പോളണ്ടിലെത്തി. പ്രത്യേക നിയമപ്രകാരം ഉക്രയ്ൻ പൗരന്മാർക്ക് പോളണ്ടിൽ 18 മാസം താമസിക്കാനും ജോലി ചെയ്യാനുമാകും. സൗജന്യ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളും ലഭിക്കും.
അഭയാര്‍ഥികള്‍
തിങ്ങിനിറഞ്ഞ് ലിവ്യു
പശ്ചിമമേഖലകളില് നിന്നെത്തിയ പതിനായിരത്തോളം പേര്‍ക്ക് ഭക്ഷണവും താമസവും ഒരുക്കാന്‍ ലിവ്യു നഗരം ബുദ്ധിമുട്ടുകയാണെന്ന് മേയര്‍ ആന്ദ്രി സദോവ്യി പറഞ്ഞു. സ്പോര്‍ട്സ് ഹാളുകളിലും പള്ളി കെട്ടിടങ്ങളിലും ആശുപത്രികളിലുമായി- രണ്ടുലക്ഷത്തിലധികം ഉക്രയ്ന്കാര് ലിവ്യുയിലുണ്ട്. വിനോദസഞ്ചാരത്തിന് പേരുകേട്ട ചരിത്രനഗരത്തിലെ യുദ്ധത്തിന് മുമ്പുള്ള ജനസംഖ്യ 700,000 ആയിരുന്നു. മാനുഷിക ഇടനാഴികള്‍ തുറക്കുന്നതോടെ നൂറായിരത്തിലധികം പേര് ലിവ്യുയിലേക്ക് എത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണമുണ്ടാക്കാന്‍ കഴിയുന്ന വലിയ ടെന്റുകള്‍ നഗരത്തിന് ആവശ്യമുണ്ടെന്ന് മേയര്‍ പറഞ്ഞു.
രക്ഷകരെ കാത്ത് മരിയുപോള്‍
സുരക്ഷിത മാനുഷിക ഇടനാഴികൾ വഴി ഒഴിപ്പിക്കൽ നടപടി ആരംഭിച്ചതോടെ ഉടൻ പുറത്തെത്താനാകുമെന്ന പ്രതീക്ഷയിലാണ് മരിയുപോൾ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കുടുങ്ങിയവർ. രണ്ട് ലക്ഷത്തോളം പേർ കുടുങ്ങിക്കിടക്കുന്ന ഇവിടെ ദിവസങ്ങളായി വെള്ളവും ഭക്ഷണവും എത്തിക്കാനായിരുന്നില്ല. വൈദ്യുതിയും മൊബൈൽ നെറ്റ്വർക്കും ഇല്ല. എട്ട് ലോറിയും 30 ബസും ജനങ്ങളെ സിപോസിയയിലേക്കും നികോലെങ്കൊയിലേക്കും ഒഴിപ്പിക്കാനും ഇവിടേക്ക് സഹായമെത്തിക്കാനുമായി പുറപ്പെട്ടിട്ടുണ്ട്.
കീവിന് സമീപമുള്ള ബുച നഗരത്തിൽ റോക്കറ്റാക്രമണവും ഷെൽ ആക്രമണവും തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹം തെരുവിൽനിന്ന് നീക്കം ചെയ്യാനാകുന്നില്ലെന്നും മേയർ അനറ്റോൾ ഫെഡോറൂക് പറഞ്ഞു. ജനവാസമേഖലകളിൽ റഷ്യൻ സൈന്യം ബോംബാക്രമണം നടത്തുകയാണ്. സുമിയിൽ വ്യോമാക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഖാർകിവിൽ ആക്രമണത്തിൽ റഷ്യൻ ജനറലിനെ വധിച്ചതായി ഉക്രയ്ൻ രഹസ്യാന്വേഷണ വിഭാഗം പറഞ്ഞു.
400 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന്
ഉക്രയ്ൻ
റഷ്യയുടെ സൈനിക നടപടിയിൽ ഉക്രയ്നിൽ ഇതുവരെ 400 സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്കിനോവ്. 38 കുട്ടികൾ ഉൾപ്പെടെയാണ് ഇത്. 800 പേർക്ക് പരിക്കേറ്റു. എന്നാൽ, വിവരങ്ങൾ കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇരുനൂറിലധികം ഉക്രയ്ൻ സ്കൂളും 34 ആശുപത്രിയും 1500 പാർപ്പിട സമുച്ചയവും സൈനികാക്രമണത്തിൽ തകർത്തു. 11,000 റഷ്യൻ സൈനികരെ വധിച്ചെന്നും ഉക്രയ്ൻ പറഞ്ഞു. റഷ്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.