തിരുവനന്തപുരം
സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്ത്രീകൾക്ക് ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന് കെ–- റെയിൽ. വനിതാദിനത്തിലാണ് കെ–- റെയിൽ സ്ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്. ട്രെയിനിനകത്തും സ്റ്റേഷനുകളിലും സ്റ്റേഷൻ പരിസരങ്ങളിലും നിരീക്ഷണക്യാമറകൾ 24 മണിക്കൂറും പ്രവർത്തന സജ്ജമായിരിക്കും. വനിതാ ഗാർഡുകളുടെ സാന്നിധ്യം ട്രെയിനിലും സ്റ്റേഷനിലും ഉറപ്പുവരുത്തും. പരിശീലനം ലഭിച്ച സേനാവിഭാഗമായിരിക്കും ഗാർഡുമാരാവുക. വനിത ഹെൽപ്ലൈൻ സദാസമയവും ലഭ്യമാക്കും. ട്രെയിനിലും സ്റ്റേഷനുകളിലും ഹെൽപ്ലൈൻ നമ്പരുകൾ പ്രദർശിപ്പിക്കും. ഫോൺവിളി വന്നാൽ ഉടൻ സഹായമെത്തിക്കാനും സംവിധാനമുണ്ടാകും.
സ്റ്റേഷനിൽനിന്ന് വീടെത്താനുള്ള യാത്രാസംവിധാനവും കെ–- റെയിൽ ഒരുക്കും. സിൽവർ ലൈൻ സ്റ്റോപ്പുകൾ മറ്റ് യാത്രാസംവിധാനങ്ങളുമായി ബന്ധിപ്പിച്ചായിരിക്കും നടപ്പാക്കുക. സ്റ്റേഷനുകളിൽനിന്ന് മെട്രോയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും മറ്റും ഗതാഗത സംവിധാനമുണ്ടാകും. വയനാടുപോലുള്ള ജില്ലകളിൽ ഒറ്റ ടിക്കറ്റിൽ ബസിലെത്തി സിൽവർ ലൈനിൽ സഞ്ചരിക്കാനുള്ള സംവിധാനവും ഒരുക്കും. ‘സുരക്ഷിതയാത്ര സുഖയാത്ര’ എന്ന ലക്ഷ്യത്തോടെ യാത്രക്കാർക്ക് പരമാവധി സൗകര്യമൊരുക്കുന്നതിനാണ് മുൻഗണനയെന്നും കെ റെയിൽ അറിയിച്ചു.