തിരുവനന്തപുരം
ഡിസിസി പുനസംഘടന വഴിമുട്ടിയതിന് പിന്നാലെ രാജ്യസഭാ സീറ്റിനായി കോൺഗ്രസിൽ അടിപിടി. ഒഴിവ് വരുന്ന മൂന്ന് സീറ്റിൽ ഒന്നിൽ കോൺഗ്രസ് മത്സരിക്കുമെന്നുറപ്പായതോടെ നിരവധിപ്പേർ രംഗത്തിറങ്ങി. സീറ്റ് ആവശ്യപ്പെട്ട് ഘടകകക്ഷിയായ സിഎംപിയും കത്ത് നൽകി.
വീണ്ടും മത്സരിക്കാനില്ലെന്ന് എ കെ ആന്റണി വ്യക്തമാക്കിയതിനെ തുടർന്നാണ് മുതിർന്ന നേതാക്കളടക്കമുള്ളവർ സീറ്റിനായി രംഗത്തിറങ്ങിയത്.
കെ വി തോമസ്, എം എം ഹസ്സൻ, ഷാനിമോൾ ഉസ്മാൻ, എം ലിജു, വി ടി ബലറാം എന്നിവരുടെ പേരാണ് ചർച്ചയിൽ. തലമുറമാറ്റത്തിന് വേണമെന്ന വാദവുമായി യുവനിര രംഗത്തുണ്ട്. 40-–-60 പ്രായക്കാരെ പരിഗണിക്കണമെന്ന വികാരവും ശക്തമാണ്. എ കെ ആന്റണിയുടെ പിന്മുറക്കാരനെന്ന വാദമാണ് എം എം ഹസ്സൻ ഉയർത്തുന്നത്. എ കെ ആന്റണിക്ക് ഒരു കാരണവശാലും വീണ്ടും അവസരം നൽകരുതെന്ന വാദവും ശക്തമാണ്. എം എം ഹസ്സനെ രാജ്യസഭയിലേക്കയച്ച് കെ സി ജോസഫിനെ യുഡിഎഫ് കൺവീനറാക്കാമെന്ന നിർദേശവും സജീവമാണ്. അന്തിമതീരുമാനം ഹൈക്കമാൻഡിന്റേതാകും. തർക്കം മുറുകിയാൽ ഹൈക്കമാൻഡ് വീണ്ടും ആന്റണിയുടെ പേര് നിർദേശിച്ചേക്കും.
മുല്ലപ്പള്ളി രാമചന്ദ്രനെ കെ സുധാകരനും കെ സി വേണുഗോപാലും ഒറ്റക്കെട്ടായി എതിർക്കാനാണ് സാധ്യത. സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ പോലും വിളിക്കാറില്ല. സീറ്റ് മുല്ലപ്പള്ളി ആവശ്യപ്പെടില്ലെന്നാണ് സൂചന. ഇക്കുറി കൈയും കെട്ടിയിരിക്കാനില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. സോണിയാ ഗാന്ധിയെ നേരിട്ട് കണ്ട് സീറ്റ് ചോദിക്കും. നിരസിച്ചാൽ പാർടി വിടാനും മടിക്കില്ലെന്ന് അദ്ദേഹം അടുപ്പക്കാരോട് പറഞ്ഞു.
കോൺഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ പേരും ചർച്ചയിലുണ്ട്. ആന്റണിയുടെ പിന്തുണയാണ് ചെറിയാൻ അവകാശപ്പെടുന്നത്.
സി പി ജോണിന് വേണ്ടിയാണ് സിഎംപി കത്ത് നൽകിയത്. ഇതുവരെ പാർലമെന്ററി പദവിയിലെത്തിയിട്ടില്ലെന്നാണ് ജോൺ അനുകൂലികളുടെ ന്യായീകരണം.