തിരുവനന്തപുരം
പതിനെട്ടു വർഷം തുടർച്ചയായി രാജ്യസഭാംഗത്വം വഹിച്ച എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. വീണ്ടും പരിഗണിക്കപ്പെടണമെന്ന് മോഹമുണ്ടെങ്കിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തിയും രാഹുൽ ഗാന്ധി–-കെ സി വേണുഗോപാൽ ‘കൂട്ടായ്മയുടെ’ എതിർപ്പും കണക്കിലെടുത്താണ് എൺപത്തൊന്നാം വയസിൽ ആഗ്രഹം ഉപേക്ഷിച്ച് മടക്കം.
ഏതാനും വർഷങ്ങളായി നിർണായക ഘട്ടങ്ങളിൽ പോലും രാജ്യസഭയിൽനിന്ന് വിട്ടുനിന്ന ആന്റണിയുടെ നടപടിയും വിവാദമായിരുന്നു. രാജ്യസഭയിൽ ഒരു വാക്ക് സംസാരിച്ചിട്ട് വർഷങ്ങളായി. ചോദ്യം ചോദിക്കുന്നതിലും കേരളത്തിൽ നിന്നുള്ള മറ്റ് രാജ്യസഭാംഗങ്ങളുടെ പിന്നിലാണ്.
ദീർഘകാലം രാജ്യസഭാംഗവും കേന്ദ്രമന്ത്രിയുമായിരുന്നെങ്കിലും കേരളത്തിന്റെ വികസന പദ്ധതികളോട് മുഖം തിരിച്ചതേയുള്ളൂ. കേരളത്തിന് വേണ്ടി കാര്യമായി എന്തെങ്കിലും ചെയ്തതായി അവകാശപ്പെടാനുമില്ലാതെയാണ് ആന്റണി തിരിച്ചെത്തുന്നത്. കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനാണെന്ന് വിശേഷിപ്പിച്ചിട്ടും കേരളത്തിന് ഗുണമുണ്ടായില്ല. 2004ൽ മുഖ്യമന്ത്രിയായിരിക്കെയാണ് രാജിവച്ച് രാജ്യസഭയിലേക്ക് പോയത്.
കേന്ദ്ര പ്രതിരോധമന്ത്രിയായി. ആ സമയത്താണ് കോളിളക്കം സൃഷ്ടിച്ച റഫാൽ യുദ്ധവിമാനക്കരാറിന്റെ പിറവി. 1995ൽ രാജ്യസഭാംഗമായിരിക്കെയാണ് കെ കരുണാകരനെ വീഴ്ത്തി മുഖ്യമന്ത്രിയാകാൻ കേരളത്തിലേക്ക് വന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കേരളത്തിലെത്തി സിപിഐ എമ്മിനെതിരെ പ്രസംഗിക്കും. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് സിപിഐ എമ്മുകാർ പോലും ആഗ്രഹിക്കുന്നില്ലെന്നാണ് ഇത്തവണ പറഞ്ഞത്. നൂറ് വർഷത്തേക്ക് സിപിഐ എം അധികാരത്തിൽ വരില്ലെന്ന ആന്റണിയുടെ പഴയ പ്രഖ്യാപനം പാഴ്വാക്കായി രാഷ്ട്രീയ ചരിത്രത്തിലുണ്ട്.