തിരുവനന്തപുരം> വർക്കലയിൽ വീടിന് തീപിടിച്ച് മരിച്ചവരുടെ ദേഹത്തുണ്ടായ പൊള്ളലുകൾ മരണകാരണമായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് അഞ്ച് പേരുടെയും മരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ വസ്ത്രങ്ങൾ പോലും കാര്യമായി കത്തിയിട്ടില്ല. ഇതും പുക ശ്വസിച്ചാണ് മരണമെന്ന നിഗമനം ഉറപ്പിക്കുന്നു.
അഞ്ച് പേരുടെയും മൃതദേഹങ്ങളിൽ പൊള്ളലുണ്ട്. മരണത്തിന് കാരണമാകുന്ന മാരകമായ പൊള്ളലുകൾ അല്ല. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ നിഗമനത്തിലെത്താനാകൂവെന്ന് റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥ് പറഞ്ഞു. മരിച്ചവരുടെ ആന്തരികാവയവങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് വിശദപരിശോധനയ്ക്ക് അയക്കും.
അതേസമയം അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. റൂറൽ പൊലീസ് മേധാവി ദിവ്യ വി ഗോപിനാഥിന്റെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തിലാകും അന്വേഷണം. വീട്ടിലുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഒരു ഭാഗം കത്തിനശിക്കുകയും തീകെടുത്താൻ ഒഴിച്ച വെള്ളം ക്യാമറ ഉപകരണങ്ങളിൽ കയറുകയും ചെയ്തതാണ് കാരണം. ഇത് വീണ്ടെടുക്കാൻ ഫോറൻസിക് വിദഗ്ധരുടെ സഹായം തേടും.
അടുത്ത വീടുകളിലെ സിസിടിവികൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ആരുടെയും ഇടപെടൽ കണ്ടെത്തിയിട്ടില്ല. വീട്ടിലുണ്ടായിരുന്ന സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് പൊലീസ് കരുതുന്നത്. ഷോർട്ട് സർക്യൂട്ട് തന്നെയാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗവും പൊലീസ് ഫോറൻസിക് വിഭാഗവും നൽകിയിരിക്കുന്ന പ്രാഥമിക നിഗമനം.