തിരുവനന്തപുരം
സന്തോഷം നിറഞ്ഞിരുന്ന രാഹുൽ നിവാസിൽ തിങ്കളാഴ്ച രാത്രി തീമഴയായി മരണം പെയ്തിറങ്ങി. രാത്രി പത്തോടെ അത്താഴവും കഴിഞ്ഞ് എസിയുടെ തണുപ്പിൽ ഉറങ്ങാൻ കിടന്നവരെ മരണം വന്നുമൂടി. പ്രിയപ്പെട്ട ബേബിയണ്ണന്റെയും കുടുംബത്തിന്റെയും ദുരന്ത വാർത്തയുമായാണ് പന്തുവിള ഗ്രാമം ഉണർന്നത്.- കാത്തിരുന്ന് കിട്ടിയ പൊന്നുമോന്റെയും പ്രിയപ്പെട്ടവരുടെയും വിയോഗമറിയാതെ നിഹുൽ ആശുപത്രിക്കിടക്കയിലാണ്.
വർക്കലയ്ക്കടുത്ത് പുത്തൻചന്തയിൽ പച്ചക്കറി മൊത്തവ്യാപാരം നടത്തിയിരുന്ന പ്രതാപൻ അയൽവാസികൾക്ക് പ്രിയപ്പെട്ട ബേബിയണ്ണനായിരുന്നു. തിങ്കൾ രാവിലെ ബോഡി ചെക്കപ്പിനായി ഭാര്യക്കൊപ്പം ആശുപത്രിയിൽ പോയ പ്രതാപൻ സന്ധ്യയോടെയാണ് തിരിച്ചെത്തിയത്. മക്കളായ നിഹുലും അഖിലും കടയിൽനിന്ന് രാത്രി എട്ടോടെ എത്തി. പത്തോടെ വീട്ടിലെല്ലാവരും ഉറങ്ങാൻ കിടന്നു. ഒന്നരയോടെയാണ് തീപിടിച്ചത്.
രാത്രി പുറത്തിറങ്ങിയ അയൽവാസി ശശാങ്കൻ പൊട്ടിത്തെറി ശബ്ദംകേട്ട് നോക്കിയപ്പോഴാണ് വീടിന്റെ പോർച്ചിനോട് ചേർന്ന് തീയാളുന്നത് കണ്ടത്. അയൽവാസികൾക്കൊപ്പം ഇദ്ദേഹവും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ടോടെ പൊലീസും അഗ്നിശമന സേനയുമെത്തി തീയണച്ചു.
തുടക്കം സ്വിച്ച്
ബോർഡിൽ;
വില്ലനായി എസി
പ്രതാപനും ഷേർളിയും താഴത്തെ നിലയിലായിരുന്നു ഉറങ്ങിയത്. മകൻ നിഹുലും ഭാര്യ അഭിരാമിയും മകൻ റയാനൊപ്പം മുകളിലെ മുറിയിലും. ഇളയമകൻ അഖിലും രണ്ടാം നിലയിലായിരുന്നു. താഴെ തീപിടിച്ചത് ഇവരറിഞ്ഞില്ല. അയൽവാസികൾ ഫോണിൽ വിളിച്ചപ്പോൾ നിഹുൽ പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ചെങ്കിലും വിഫലമായി. ഇതിനിടെ ഉണർന്ന അഭിരാമി കുഞ്ഞുമായി പുറത്തേക്കിറങ്ങാൻ ശ്രമിച്ചെങ്കിലും പുക നിറഞ്ഞതോടെ ശുചിമുറിയിലേക്ക് കയറി. ഇവരുടെ മൃതദേഹങ്ങൾ ഇവിടെനിന്നാണ് കണ്ടെത്തിയത്.
സ്വീകരണമുറിയിൽ കാർപോർച്ചിനോട് ചേർന്നുള്ള സ്വിച്ച് ബോർഡിലാണ് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പ്രാഥമിക നിഗമനം. മെയിൻ സ്വിച്ച് ബോർഡും ഡിസ്ട്രിബ്യൂഷൻ ബോർഡും പൂർണമായും കത്തി. മൂന്ന് മുറിയിലേയും എയർ കണ്ടീഷണറുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇത് അതിവേഗം തീ കിടപ്പ് മുറിയിലേക്ക് എത്താൻ കാരണമായി. തീ പുറത്തേക്ക് പടർന്നതാണ് ഇരുചക്രവാഹനങ്ങൾ കത്താൻ കാരണമായത്. ഈ ഭാഗത്തെ ഭിത്തിയും മാർബിൾ തറയും പൊട്ടിപ്പൊളിഞ്ഞു.
നിഹുൽ വിളി കേട്ടു; പക്ഷേ
അയൽവാസി ഫോണിൽ വിളിച്ച് വീടിന് തീപിടിച്ച വിവരം നിഹുലിനെ അറിയിച്ചു. ഉടൻ മുറിക്ക് പുറത്തിറങ്ങിയെങ്കിലും ഒന്നും ചെയ്യാനായില്ല. മുകളിലേക്ക് തിരികെ കയറുന്നതിനിടെ തളർന്നുവീണു. പൊലീസും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിനെയുമെടുത്ത് പുറത്തേക്കിറങ്ങാൻ നോക്കിയ അഭിരാമി മുറിയിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു. അഖിലിന് പുറത്തേക്കിറങ്ങാൻപോലും സാധിച്ചില്ല. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച നിഹുൽ ഇനിയും പ്രിയപ്പെട്ടവരുടെ വിയോഗമറിഞ്ഞിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരിക്കുന്നത്.
വില്ലനല്ല ജിപ്സം
വീടുകളിലെ ജിപ്സം സീലിങ് തീപിടിത്തത്തിൽ വില്ലനല്ലെന്ന് വിദഗ്ധർ. ജിപ്സം തീയെ പ്രതിരോധിക്കുന്നതാണ്. ചുറ്റും തീ പിടിക്കുമ്പോൾ അതിലെ വെള്ളം ആവിയായി പോകുകയാണ് ചെയ്യുക. വൈദ്യുതിയും കടത്തിവിടില്ല. എന്നാൽ, ജിപ്സത്തെ ഉറപ്പിച്ചു നിർത്താനായി ഉപയോഗിക്കുന്ന മരംപോലുള്ളവ വില്ലനാകാമെന്ന് തൃശൂർ സെന്റ് തോമസ് കോളേജിലെ രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ. ബാബു ജോസഫ് പറഞ്ഞു. ഇവ കത്തിത്തീർന്നാൽ ജിപ്സത്തിലേക്കും കത്തിപ്പിടിക്കാനിടയാകും. അപ്പോൾ ഉയരുന്ന പുക ദോഷമാകുമെന്നും അദ്ദേഹം പറഞ്ഞു.