തിരുവനന്തപുരം> അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് രാത്രി നടത്തം സംഘടിപ്പിച്ചു. തിരുവനന്തപുരം കനകക്കുന്ന് മുതൽ കിഴക്കേക്കോട്ട ഗാന്ധി പാർക്ക് വരെയായിരുന്നു രാത്രി നടത്തം. പൊതുയിടങ്ങൾ സ്ത്രീകളുടേതും കൂടി എന്ന് ഓർമ്മിപ്പിക്കുന്നതിന് വേണ്ടിയാണ് വനിതാ ദിനത്തിൽ രാത്രി 10 മണി മുതൽ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇതിനോടൊപ്പം നൈറ്റ് ഷോപ്പിംഗും ഉണ്ടായിരുന്നു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാത്രി നടത്തത്തിന് നേതൃത്വം നൽകി. പൊതുയിടങ്ങൾ സ്ത്രീകൾക്കും കൂടി അവകാശപ്പെട്ടതാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സ്ത്രീകൾക്ക് രാത്രിയിൽ സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥ മാറണം. ജോലി കഴിഞ്ഞിട്ട് പോകുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും രാത്രിയിലും സഞ്ചാര സ്വാതന്ത്യം ഉണ്ടാകണം. ഇത് പൊതു സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. ഷിഫ്റ്റ് കഴിഞ്ഞോ ജോലി കഴിഞ്ഞോ ഒറ്റയ്ക്കോ കൂട്ടായോ പോകാൻ കഴിയണം. ഇത് മറ്റുള്ള സ്ത്രീകൾക്കും പ്രചോദനമാകണമെന്നും മന്ത്രി വ്യക്തമാക്കി.
വനിത ശിശുവികസന ഡയറക്ടർ ടി വി അനുപമ, കളക്ടർ ഡോ നവജ്യോത് ഖോസ, ലക്ഷ്മി നായർ, സിനി ആർട്ടിസ്റ്റുകളായ ഇന്ദുലേഖ, അഞ്ജിത, രാഖി രവീന്ദ്രൻ, മീര അനിൽ, മേഘ്ന വിൻസെന്റ്, പ്രശസ്ത കവി മുരുകൻ കാട്ടാക്കട തുടങ്ങിയ പ്രമുഖരും രാത്രി നടത്തത്തിൽ പങ്കെടുത്തു.