കൊച്ചി> ടാറ്റൂ ചെയ്യാനെത്തിയ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായ സുജീഷിനെ കൂടുതൽ അന്വേഷണത്തിന് ചേരാനല്ലൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചൊവ്വ വൈകിട്ട് ആറോടെയാണ് കസ്റ്റഡിയിൽ ലഭിച്ചത്. ചേരാനല്ലൂർ പൊലീസ് എടുത്ത കേസിലാണ് കോടതി പ്രതിയെ റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ പരാതി നൽകിയ യുവതി വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു.
സുജീഷിനെതിരെ പാലാരിവട്ടം പൊലീസ് ചൊവ്വാഴ്ച ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. തിങ്കൾ വൈകിട്ട് ഒരു യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇതോടെ സുജീഷിനെതിരെ കേസുകൾ ആറായി. പാലാരിവട്ടം സ്റ്റേഷനിൽ നാല് കേസുകളും എളമക്കര, ചേരാനല്ലൂർ സ്റ്റേഷനുകളിൽ ഓരോന്നുമാണുള്ളത്. അന്വേഷണം തുടരുകയാണ്. നഗരത്തിലും പരിസരത്തുമുള്ള ടാറ്റൂ സ്റ്റുഡിയോകളിൽ പരിശോധന തുടർന്നു. ഇവിടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുമെന്ന് പൊലീസ് പറഞ്ഞു.