തിരുവനന്തപുരം> തീരദേശ ജനതയെ സുരക്ഷിതമായി പുനധിവസിപ്പിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സ്യതൊഴിലാളികൾ നാടിന്റെ സ്വന്തം സൈന്യമാണ്. അവരുടെ കുടുംബങ്ങളെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനാണ് 2450 കോടിചെലവിട്ടുള്ള പുനർ ഗേഹം പദ്ധതി ആവിഷ്കരിച്ചത്. തീരദേശത്ത് അധിവസിക്കുന്നവർ സുരക്ഷിതത്വത്തോടെ സന്തുഷ്ട ജീവിതം നയിക്കണം. അതിന് ആ കുടുംബങ്ങളെ പ്രാപ്തമാക്കുന്ന രാജ്യത്തെ ആദ്യ പുനരധിവാസ പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനർഗേഹം പദ്ധതിയിൽ നിർമിച്ച 250 വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം മേഖകളിൽ വലിയ കുതിച്ചുചാട്ടം നടത്താനായി. വികസിത നൂതനത്വ സമൂഹമെന്ന ലക്ഷ്യത്തിലേക്കാണ് കേരളം മുന്നേറുന്നത്. സമസ്ത ജനവിഭാഗങ്ങൾക്കും അതിന്റെ ഗുണം ലഭിക്കണം. അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഭവനരഹിതരില്ലാത്ത കേരളം യഥാർഥ്യമാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ലൈഫ് മിഷൻ രാജ്യ ശ്രദ്ധ നേടി. അഞ്ചരവർഷത്തിനുള്ളിൽ 2.75 ലക്ഷം വീടുകൾ ലൈഫിലൂടെ ലഭ്യമാക്കാനായി. പട്ടികജാതി, വർഗ വിഭാഗങ്ങൾ, മത്സ്യതൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കി. ഇന്ന് കൈമാറിയ 250ന് പുറമെ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 276 ഭവന സമുച്ചയങ്ങളും 308 വ്യക്തിഗത വീടുകളും മത്സ്യതൊഴിലാളിക്ക് നൽകി.
ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ സർവേ പ്രക്രാരം 18685 കുടുംബങ്ങളാണ് പുനർഗേഹം ഗുണഭോക്താക്കൾ. ഇതിൽ 8157 പേർ തീരദേശത്ത് നിന്നും മാറി താമസിക്കാൻ സന്നദ്ധത അറിയിച്ചു. അവരിൽ 2982 പേർ ഭൂമി കണ്ടെത്തി. ഇതിൽ 1109 പേരുടെ വീട് നിർമാണം പൂർത്തിയാക്കി. ശേഷിക്കുന്നവയുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. വിവിധ ജില്ലകളിലായി പുനർഗേഹത്തിൽ 898 ഫ്ളാറ്റുകൾക്ക് ഭരണാനുമതി നൽകി. ഈ ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാണവും അതിവേഗം പുരോഗമിക്കുകയാണ്. കൊല്ലത്തെ ഫ്ളാറ്റുകൾ നൂറുദിന കർമപരിപാടിയിൽ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷ. സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ നവകേരളം സൃഷ്ടിക്കാനാണ് ശ്രമം. അതിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.