കൊച്ചി> നടിയെ ആക്രമിച്ച കേസില്‍ ദിലീപും സംഘവും തെളിവുകള്‍ നശിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് രേഖകള്‍ നശിപ്പിച്ച ശേഷമാണ് ഹൈക്കോടതിക്ക് കൈമാറിയതെന്നും ഫോറന്‍സിക് പരിശോധനയില്‍ ഇക്കാര്യം
വ്യക്തമായെന്നും സര്‍ക്കാര്‍ സത്യവാങ്ങ്മൂലത്തില്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലിപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്താണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
ജനുവരി 29 നാണ് ഫോണ്‍ കൈമാറാന്‍ കോടതി ഉത്തരവിട്ടത്. മുംബെയിലെ ലാബില്‍ കൊണ്ടുപോയി തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ കോടതിക്ക് നല്‍കിയത്.ദിലീപ് ഹാജരാക്കിയ ഒന്നാമത്തെ ഐ ഫോണില്‍ ഉപയോഗിച്ച സിം റോഷന് ചിറ്റൂരിന്റേതാണന്ന് സംശയമുണ്ടന്നും റോഷന് ദിലീപിന്റെ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് ആണന്നും സര്‍ക്കാര്‍ അറിയിച്ചു. ഫോണുകള്‍ മുംബൈയിലെ ലാബില്‍ എത്തിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിന് പ്രതികള്‍ക്ക് വിന്‍സന്റ് ചൊവ്വല്ലുര്‍ എന്നയാളുടെ സഹായം ലഭിച്ചിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ പ്രതികളുടെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.കേസന്വേഷണവുമായി
സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പ്രതികള്‍ സഹകരിച്ചില്ല. പ്രതികള്‍ തെളിവു നശിപ്പിക്കുന്ന തിരക്കിലായിരുന്നു.
നടിയെ ആമിച്ച കേസില്‍ നുണ നുറ് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ദിലീപ് പയറ്റുന്നതെന്നും
ഹര്‍ജി തള്ളണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.