തിരുവനന്തപുരം> പുരുഷകേന്ദ്രീകൃത അധികാരഘടനയുടെ ശ്രേണീബദ്ധമായ രീതി മാറ്റുവാൻ സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. സാംസ്കാരിക വകുപ്പിന്റെ ബോധവൽക്കരണ പരിപാടിയായ സമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ത്രിദിന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീധനം പോലെയുള്ള സാമൂഹ്യ ദുരാചാരങ്ങൾ നിയമംമൂലം നിരോധിക്കപ്പെട്ടിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അത് സാമൂഹിക അന്തസിന്റെ അടയാളമായി തുടരുന്ന അവസ്ഥ പ്രബുദ്ധകേരളത്തിൽ പോലും നിലനിൽക്കുമ്പോൾ അതിനെതിരായ പ്രതിരോധനിര കെട്ടിപ്പടുക്കുവാനുള്ള ഉത്തരവാദിത്വം സമൂഹത്തിനാകെയുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സമം വനിതാദിനാഘോഷ പരിപാടി മന്ത്രിക്കൊപ്പം സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐഎഎസ്, കവയിത്രി റോസ്മേരി, നടി ലക്ഷ്മി ഗോപാലസ്വാമി, കായികതാരം കെ സി ലേഖ, കെഎസ്എഫ്ഡിസി എം ഡി മായ ഐഎഫ്എസ്, പ്രശസ്ത അഭിഭാഷിക അഡ്വ ഗീനാകുമാരി, നടി കെപിഎസി ലീല എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ ആന്റണി രാജു, ജി ആർ അനിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സർക്കാർ കെഎസ്എഫ്ഡിസി മുഖാന്തിരം നിർമിക്കുന്ന വനിതാ സംവിധായകരുടെ സിനിമകളുടെ സ്വിച്ച് ഓൺ കർമം, ചിത്രകലാ ക്യാമ്പ്, നവകവിയത്രികളുടെ കവിയരങ്ങ്, പ്രശസ്ത നടി ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിച്ച സംഗീത നൃത്താവിഷ്കാരം, മ്യൂസിക് ഡാൻസ് ഷോ എന്നിവയും അരങ്ങേറി.