കൊച്ചി> പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി. മൂന്നാം പ്രതി അഞ്ജലി വടക്കേപുരയ്ക്കലിന് കോടതി ജാമ്യം അനുവദിച്ചു. അഞ്ജലി പത്ത് ദിവസത്തിനകം കീഴടങ്ങണം. സ്ത്രീയെന്ന പരിഗണന മാത്രം കണക്കിലെടുത്താണ് ജാമ്യം അനുവദിക്കുന്നതെന്നും പ്രതിക്കെതിരായ ആരോപണങ്ങൾ ഗുരുതരമാണന്നും കോടതി വ്യക്തമാക്കി.
കേസിൽ വിശദമായ അന്വേഷണം വേണമെന്നും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചാണ് ജസ്റ്റീസ് പി ഗോപിനാഥിൻ്റെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ നിസാരമല്ലന്ന് പെൺകുട്ടിയുടെ മൊഴി പരിശോധിച്ച ശേഷം കോടതി കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.
കുട്ടിയെ സ്വാധീനിച്ച് കൊണ്ടുപോയി ലൈഗീകചൂഷണത്തിന് വിധേയമാക്കാനുള്ള ശ്രമം പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായതായി മൊഴി വായിച്ചതിൽ നിന്ന് മനസിലായെന്നും കോടതി പറഞ്ഞിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കര്യാക്കോസ്, പബ്ലിക് പ്രോസിക്യൂട്ടർ സി കെ സുരേഷ് എന്നിവർ ഹാജരായി