തിരുവനന്തപുരം: നവകേരളത്തിന് ജനകീയാസൂത്രണം എന്ന ആശയമുയർത്തി ആരംഭിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിൽ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള കരട് മാർഗരേഖ പുറത്തിറക്കി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ 2022-23 മുതൽ 2026-27 വരെയുള്ള വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള കരട് മാർഗരേഖയാണ് പുറത്തിറക്കിയത്.
തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും കരട് മാർഗരേഖയിന്മേലുള്ള അഭിപ്രായങ്ങൾ lsgplan14@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2022 മാർച്ച് 15 വരെ നൽകാവുന്നതാണ്. കേരളത്തിന്റെ സുസ്ഥിരമായ വികസനമാണ് പതിനാലാം പദ്ധതി വിഭാവനം ചെയ്യുന്നത്. സാമൂഹ്യ വികസനരംഗത്ത് കേരളം ആർജ്ജിച്ചിട്ടുള്ള നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിന് സുസ്ഥിരമായ സാമ്പത്തിക വളർച്ച ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് സമ്പദ് വ്യവസ്ഥ വിജ്ഞാനാധിഷ്ഠിതമായി വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആവിഷ്കരിക്കണം. കേരളത്തെ വെെജ്ഞാനിക സമൂഹമാക്കി വളർത്തുകയും വിജ്ഞാനാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി പരിവർത്തനലപ്പടുത്തുകയും ചെയ്യുക എന്നതാണ് പതിനാലാം പദ്ധതിയുടെ
മുഖ്യലക്ഷ്യങ്ങളിലൊന്ന്.