തിരുവനന്തപുരം> സംസ്ഥാന സർക്കാറിനു കീഴിലുള്ള അനെർട്ട് നടപ്പാക്കുന്ന സൗരതേജസ്സ്- സബ്സിഡിയോടുകൂടിയ ഗ്രിഡ് ബന്ധിത സൗരോർജ നിലയ പദ്ധതിയുടെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഗാർഹിക ഉപയോക്താക്കൾക്ക് 10 കിലോവാട്ടുവരെ ശേഷിയുള്ള പ്ലാന്റിനാണ് സബ്സിഡി. മൂന്ന് കിലോവാട്ടിനുവരെ കേന്ദ്ര നവ പുനരുപയോഗ ഊർജമന്ത്രാലയം (എംഎൻആർഇ) നിശ്ചയിച്ച അടിസ്ഥാന വിലയുടെ 40 ശതമാനവും മൂന്ന് കിലോവാട്ടുമുതൽ 10 കിലോവാട്ടുവരെയുള്ളതിന് ആദ്യ മൂന്നു കിലോവാട്ടിന് 40 ശതമാനവും തുടർന്ന് 20 ശതമാനവും നിരക്കിലാണ് സബ്സിഡി.
ഒരു കിലോവാട്ട് പ്ലാന്റിൽനിന്ന് ഒരു ദിവസം ഏകദേശം നാല് യൂണിറ്റ് വൈദ്യുതി ലഭിക്കും. പ്രതിമാസ വൈദ്യുതി ഉപയോഗം മനസ്സിലാക്കി ഉപയോക്താക്കൾക്ക് പ്ലാന്റിന്റെ ശേഷി നിശ്ചയിക്കാം. വൈദ്യുതി ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ നാലുമുതൽ ഏഴു വർഷത്തിനകം മുടക്കുമുതൽ തിരികെ ലഭിക്കും. ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നൽകാം. വർഷവും ഒക്ടോബർമുതൽ സെപ്തംബർവരെ കാലയളവ് കണക്കാക്കി ഇതിന് യൂണിറ്റിന് നിശ്ചിത നിരക്കിൽ വില ലഭിക്കും.
വൈദ്യുതി വാഹനം ഉപയോഗിക്കുന്നവർക്ക് പദ്ധതിയിലൂടെ വൻ ലാഭമുണ്ടാക്കാം. പദ്ധതിക്ക് അപേക്ഷ നൽകുന്നതുമുതൽ പ്ലാന്റ് സ്ഥാപിക്കുന്നതുവരെയുള്ള നടപടിക്കായി www.buymysun.com/SouraThejas ഓൺലൈൻ പോർട്ടൽ സജ്ജമാണ്. സബ്സിഡി കഴിഞ്ഞുള്ള തുക കുറഞ്ഞ പലിശയിൽ ബാങ്ക് വായ്പയായി ലഭ്യമാക്കും. കൂടുതൽ വിവരത്തിനും രജിസ്ട്രേഷനുമായി അനെർട്ടിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള സബ്സിഡി ആനുകൂല്യം ജൂണിൽ അവസാനിക്കും.
കൂടുതൽ വിവരത്തിന്: 1800 425 1803, 9188119419. ജില്ലാ ഓഫീസുകൾ: തിരുവനന്തപുരം: 9188119401, കൊല്ലം: 9188119402, പത്തനംതിട്ട: 9188119403, ആലപ്പുഴ: 9188119404, കോട്ടയം: 9188119405, ഇടുക്കി: 9188119406, എറണാകുളം: 9188119407, തൃശൂർ: 9188119408, പാലക്കാട്: 9188119409, മലപ്പുറം: 9188119410, കോഴിക്കോട്: 9188119411, വയനാട്: 9188119412, കണ്ണൂർ: 9188119413, കാസർകോട്: 9188119414.