ബാങ്കോക്ക്> ലോകത്ത് കോവിഡ് മഹാമാരിമൂലം മരിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു. വേള്ഡോമീറ്ററിന്റെ കണക്കുപ്രകാരം തിങ്കളാഴ്ചവരെ 60,22,266 മരണമാണ് സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവുമധികം മരണം. 9,84020 പേര്. കഴിഞ്ഞ നാല് മാസത്തിനിടെ പത്ത് ലക്ഷംപേർ മരിച്ചെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
പല രാജ്യങ്ങളിലും ഇപ്പോഴും കോവിഡ് വ്യാപനം രൂക്ഷമാണ്. പോളണ്ട്, ഹംഗറി, റൊമേനിയ എന്നിവിടങ്ങളിളും കോവിഡ് മരണം കൂടുതലാണ്. ഈ രാജ്യങ്ങളിലേക്ക് ഉക്രയ്നിൽനിന്ന് ലക്ഷക്കണക്കിന് അഭയാർഥികളെത്തുന്നതിനാൽ കോവിഡ് പ്രതിരോധത്തെ ബാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാനുകളിൽ ഒമിക്രോൺ വകഭേദം
വാഷിങ്ടൺ> യുഎസിലുള്ള ചില മാനുകളിൽ (വൈറ്റ്ടെയിൽ) ഒമിക്രോൺ വകഭേദം കണ്ടെത്തിയതായി പഠനം. പിയർ-റിവ്യൂഡ് ജേണലിൽ ബയോആർക്കീവാണ് പഠനം പ്രസിദ്ധീകരിച്ചത്. മനുഷ്യരെപ്പോലെ മൃഗങ്ങളിലും കോവിഡ് പടരാമെന്നും പഠനം പറയുന്നു. കഴിഞ്ഞ വർഷം, യുഎസിലെ ഐയവയിൽ പരിശോധിച്ച മാനുകളിൽ 80 ശതമാനത്തിലും കോവിഡ് സ്ഥിരീകരിച്ചതായി പഠനം പറയുന്നു.