അമ്പലപ്പുഴ
രക്തദാനം ജീവിത ഭാഗമാക്കി മുന്നേറുകയാണ് വണ്ടാനം കിഴക്ക് ചെമ്പാലത്തറ വീട്ടിൽ സരിത (39). ഇരുപത് വർഷത്തിനിടെ 46 തവണ രക്തദാനം നടത്തി. ബി പോസിറ്റീവാണ് സരിതയുടെ ബ്ലഡ് ഗ്രൂപ്പ്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ബ്ലഡ് ബാങ്ക് കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തനം. രക്തം ആവശ്യമായ ഘട്ടങ്ങളിൽ ബ്ലഡ് ബാങ്ക് അധികൃതർ അറിയിക്കും. പീപ്പിൾ ബ്ലഡ് ഡൊണേറ്റ് ആർമിയുടെ സജീവ പ്രവർത്തകയായ സരിത നിമിഷ നേരം കൊണ്ട് അവിടെയെത്തും.
അച്ഛൻ കൃഷ്ണൻകുട്ടി ക്യാൻസർ ബാധിച്ച് മരിച്ചതോടെയാണ് രക്തം നൽകുന്നതിന്റെ പ്രാധാന്യം സരിത തിരിച്ചറിഞ്ഞത്. എറണാകുളത്ത് സ്വകാര്യ സ്കൂളിൽ നീന്തൽ പരിശീലകയായിരുന്നു. എറണാകുളത്തെ നിരവധി സ്വകാര്യ ആശുപത്രികളിൽ രക്തം നൽകിയിട്ടുണ്ട്.
ഭർത്താവ് മണിയും മക്കളായ സോബിനും സോജിനും സരിതയുടെ പാത പിന്തുടരുന്നു. അമ്മ സരളമ്മയുടെ മരണശേഷം കണ്ണ് ദാനം ചെയ്യാൻ മുൻകൈയെടുത്തതും സരിതയാണ്. തന്റെ മരണശേഷം അവയവദാനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും സരിത പറഞ്ഞു.