തിരുവനന്തപുരം
യുവതിയെ കൊന്നത് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്നെന്ന് പ്രതി പ്രവീൺ. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇയാൾ വിശദമായ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇത് പൂർണമായി വിശ്വസിക്കാൻ അന്വേഷകസംഘം തയ്യാറായിട്ടില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ തനിക്കൊപ്പം വരുമെന്ന് ഗായത്രി വാശിപിടിച്ചെന്നും ഇതേത്തുടർന്നുണ്ടായ വഴക്കിൽ കഴുത്തിൽ ഷാൾ മുറുക്കി കൊന്നെന്നുമാണ് പ്രതി ആവർത്തിക്കുന്നത്. കൊലയ്ക്ക് മുൻകൂട്ടി പദ്ധതിയിട്ടതെന്ന് സംശയിക്കാവുന്ന സാഹചര്യങ്ങൾ കേസിലുണ്ടെന്നാണ് അന്വേഷക സംഘത്തിന്റെ വിലയിരുത്തൽ.
തമ്പാനൂരിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്ത ശേഷം ഇയാൾ ഗായത്രിയെ കൂട്ടാൻ കാട്ടാക്കടയിലെത്തി. വീടിന് പുറത്ത് നിന്ന യുവതിയുമായി ബൈക്കിൽ തമ്പാനൂരിലെത്തുകയായിരുന്നു. കൊല്ലപ്പെട്ട ഗായത്രി പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ പ്രവീണിനെതിരെ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമപ്രകാരവും കേസെടുത്തു.
ഈ സാഹചര്യത്തിൽ കേസ് അന്വേഷണച്ചുമതല ഫോർട്ട് അസി. കമീഷണർ എസ് ഷാജിക്ക് കൈമാറി. അടുത്ത ദിവസം പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ കോടതിയെ സമീപിക്കും. ഇവർ സഞ്ചരിച്ച ബൈക്ക്, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ എന്നിവയെല്ലാം വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.