കണ്ണൂർ> ഭൂരഹിതരും ഭവനരഹിതരുമായവർക്ക് വീട് നിർമ്മിക്കുന്നതിനായുള്ള ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിനിലേക്ക് വീണ്ടും സഹായപ്രവാഹം. കണ്ണൂർ ജില്ലയിൽ പെരിങ്ങോത്തെ കരിപ്പോട് കെ വി മാധവൻ 30 സെന്റ് സ്ഥലം നൽകാനുള്ള സമ്മതപത്രം മന്ത്രി എം വി ഗോവിന്ദന് കെെമാറി. നവകേരള തദ്ദേശകം പര്യടനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാതല യോഗത്തിൽ വച്ചാണ് അദ്ദേഹം ഭൂമി നൽകാനുള്ള സമ്മതപത്രം കെെമാറിയത്.
കെ വി മാധവന്റെ മകൾ ദിവ്യയും ഭൂമിയുടെ അനുമതിപത്രം കെെമാറാനെത്തിയിരുന്നു. ചടങ്ങിൽ ഇരുവരെയും മന്ത്രി ആദരിച്ചു. ഭൂരഹിതരും ഭവനരഹിതരുമായ പാവപ്പെട്ടവർക്ക് വീട് നിർമിച്ചു നൽകാനുള്ള ഈ മഹത്തായ ഉദ്യമത്തിന് കരുത്തും ആവേശവും പകരുന്നതാണ് സ്ഥലം കെെമാറാനുള്ള തീരുമാനമെന്നും കൂടുതൽ പേർ ഈ മാതൃക പിന്തുടർന്ന് ക്യാമ്പയിനിൽ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.