തൃശൂർ > ബൈക്കിൽ 192 ലോക രാജ്യങ്ങളിലേക്കുള്ള ഇ പി ജോസിന്റെ യാത്രക്ക് തുടക്കം. കെടിഎം 390 അഡ്വഞ്ചർ ബൈക്കിൽ ഒറ്റയ്ക്കാണ് യാത്ര. മൂന്ന് ലക്ഷത്തിലധികം കിലോ മീറ്റർ ആറ് വർഷത്തിലധികം സമയമെടുത്ത് യാത്രചെയ്യാനാണ് ലക്ഷ്യം. ഇ പി ജോസ് പഠനം തുടങ്ങിയ വെളപ്പായ എസ്ഡിഎസ് സ്കൂളിൽ നിന്ന് ഞായർ വൈകിട്ട് അഞ്ചിന് യാത്ര തുടങ്ങി.
ആദ്യയാത്ര യൂറോപ്പിലേക്കാണ്. തുടർന്ന് സൗത്ത് അമേരിക്ക, നോർത്ത് അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ, ഓഷ്യാനിയ രാജ്യങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, കരീബിയൻ ദ്വീപുകൾ, മധ്യപുർവേഷ്യൻ രാജ്യങ്ങളിലെല്ലാം ചുറ്റി സഞ്ചരിക്കാനാണ് ലക്ഷ്യം. റോഡ്മാർഗം സഞ്ചരിക്കാവുന്ന ഇടങ്ങളിലെല്ലാം ബൈക്കിൽ യാത്ര ചെയ്യും.
കടൽകടന്നുള്ള മേഖലകളിൽ ബൈക്ക് കപ്പലിൽ അയക്കും. വിമാനംവഴി ഇത്തരം രാജ്യങ്ങളിലെത്തി യാത്ര തുടരും. അമേരിക്കയിൽ ഐടി വിദഗ്ധനായിരുന്ന ജോസ് ഇപ്പോൾ ചെമ്പുക്കാവ് എടക്കളത്തൂർ അഞ്ജനം വീട്ടിലാണ് താമസം. ലോക യാത്ര എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രൻ എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. അവണൂർ പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി, തോമസ് ചെമ്പനാൽ എന്നിവർ സംസാരിച്ചു.