തലശേരി
ആർഎസ്എസ്സുകാർ അരുംകൊലചെയ്ത പുന്നോൽ താഴെവയലിലെ ഹരിദാസന്റെ കുടുംബത്തെ ആശ്വാസിപ്പിക്കാൻ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തി. ഞായറാഴ്ച രാവിലെ ‘ശ്രീമുത്തപ്പൻ’ വീട്ടിലെത്തിയ കോടിയേരി ഹരിദാസന്റെ അമ്മയെ ചേർത്തുപിടിച്ചും പേരക്കുട്ടിയെ നെഞ്ചോടുചേർത്തും ആശ്വസിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടശേഷം നാട്ടിലെത്തിയ കോടിയേരി ആദ്യം പോയത് ഹരിദാസന്റെ വീട്ടിലേക്കാണ്.
ഗൃഹനാഥന്റെ വിയോഗത്താൽ താങ്ങും തണലും നഷ്ടപ്പെട്ട കുടുംബം പ്രിയസഖാവിനുമുന്നിൽ വിങ്ങിപ്പൊട്ടി. ‘‘ഞങ്ങൾക്കിനി ആരുമില്ലല്ലോ, അച്ഛന്റെ സ്ഥാനത്തായിരുന്നു ഹരിദാസേട്ടൻ’’–- ഇളയ സഹോദരി സുജിതയുടെ വേദനയോടെ പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം മനസ്സുചേർത്ത് കോടിയേരിയും ഒരുനിമിഷം നിശബ്ദനായി.
‘‘നാട്ടുകാർക്കുവേണ്ടിയാണ് ഹരിദാസേട്ടൻ ഇതേവരെ ജീവിച്ചത്. കാട്ടാളന്മാർ വെട്ടിനുറുക്കിയില്ലേ’’–-ഭാര്യ മിനിയുടെ നിലവിളി കണ്ടുനിന്നവരുടെയും വേദനയായി. അമ്മമ്മയുടെ ദീനവിലാപത്തിനുംമേലെ അഞ്ചു മാസം പ്രായമായ പേരക്കുട്ടി ഇതികയുടെ കരച്ചിൽ. കോടിയേരി കുഞ്ഞിനെ എടുത്തതോടെ കരച്ചിൽ നിർത്തി കൗതുകത്തോടെ ചുറ്റും നോക്കി. ഹരിദാസന്റെ അമ്മ ചിത്രാംഗിയെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചു.
ഹരിദാസനെക്കുറിച്ച് പറഞ്ഞുതുടങ്ങിയ വാക്കുകൾ സഹോദരങ്ങളായ ഹരീന്ദ്രനും സുരേന്ദ്രനും സുരേഷ്ബാബുവിനും മുഴുമിക്കാനായില്ല. വേദനയിൽ കുരുങ്ങി നിശബ്ദമായി. ഹരിദാസന്റെ കുടുംബത്തെ പാർടി സംരക്ഷിക്കുമെന്ന് വൈകാതെ അതിനുള്ള നടപടിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം എ എൻ ഷംസീർ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജൻ, ജില്ലാ കമ്മിറ്റി അംഗം എം സി പവിത്രൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ, ലോക്കൽ സെക്രട്ടറി എ ശശി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായി.