കണ്ണൂർ
ഏതെങ്കിലും തരത്തിലുള്ള വിവാദം ഉയരുന്നതുകണ്ട് നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാനോ മാറ്റിവയ്ക്കാനോ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന പദ്ധതികൾ നടപ്പാക്കുന്നത് നമുക്കുവേണ്ടി മാത്രമല്ല, ഭാവി തലമുറയ്ക്കുകൂടിയാണെന്ന് പയ്യന്നൂർ ഏറ്റുകുടുക്കയിൽ സിയാൽ സൗരോർജ പ്ലാന്റ് ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
നാടിന് വൻകിട വികസന പദ്ധതികളും ആവശ്യമാണ്. പരിസ്ഥിതി സൗഹൃദമായ വികസന പ്രവർത്തനങ്ങളുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. വികസനം എല്ലാവരും ആഗ്രഹിക്കുന്നു. വികസന പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് പറഞ്ഞാൽ നടപ്പാക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ നടപ്പാക്കാൻ പാടില്ല എന്നാണ് ചിലരുടെ നിലപാട്. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് നടപ്പാക്കുക. വികസന പദ്ധതികളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.