കൊച്ചി> പാര്‍ടി ബഹുജന സ്വാധീനം വര്‍ധിപ്പിക്കാനും നവകേരള നിര്‍മാണം ലക്ഷ്യമിട്ടും 30 ഇന കര്‍മ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കിയതായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവകേരള സൃഷ്ടിക്കായി പാര്‍ടി അണികളെ സജ്ജമാക്കും. പാര്‍ടി വിദ്യാഭ്യാസം ശക്തിപ്പെടുത്തും. ഇ എം എസ് അക്കാദമി, എ കെ ജി പഠന ഗവേഷണ കേന്ദ്രം, നായനാര്‍ അക്കാദമി, ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയെ സംയോജിപ്പിച്ച് വിപുല ആശയ പ്രചാരണവും രാഷ്ട്രീയ വിദ്യാഭ്യാസവും നല്‍കും.
ഒരു വര്‍ഷം കൊണ്ട് മഹിളാ അംഗസംഖ്യ 25 ശതമാനമായി ഉയര്‍ത്തും. എന്‍ആര്‍ഇജി, അസംഘടിത തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ചുമട്ടുതൊഴിലാളികള്‍, ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ജീവനക്കാര്‍, സ്കൂള്‍ പാചക തൊഴിലാളികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ പ്രത്യേകം ഏറ്റെടുക്കും. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം സംഘടിപ്പിക്കും. മയക്കുമരുന്ന് വിമുക്ത കേരളം സൃഷ്ടിക്കാന്‍ ഇടപെടല്‍ നടത്തും. ശാസ്ത്രബോധവും യുക്തി ചിന്തയും ചരിത്രബോധവും വളര്‍ത്താന്‍ ശാസ്ത്രജ്ഞര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ ഉപയൊഗപ്പെടുത്തി വിപുല ക്യാമ്പയിന് നടത്തും. വീടില്ലാത്തവര്‍ക്ക് ആയിരം വീടുകള്‍ പുതുതായി നിര്‍മിച്ചു നല്‍കും. തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് കായിക രംഗത്ത് പ്രത്യേക ഇടപെടല്‍ നടത്തും.
പുതിയ അംഗങ്ങള്‍ വരുന്നത് പാര്‍ടിയെ കൂടുതല്‍ ഊര്‍ജസ്വലമാക്കും. ഇത് വലിയ മാറ്റം സൃഷ്ടിക്കും. സംസ്ഥാന സെക്രട്ടറിയറ്റില്‍ വരാന്‍ കഴിവും പ്രാപ്തിയുമുള്ള നിരവധി പേര് ഉണ്ട്. എല്ലാവരെയും എടുക്കാനാവില്ല. സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് ജി സുധാകരനും ജെയിംസ് മാത്യുവും ഒഴിവായത്. ഇവരുള്‍പ്പെടെ സംസ്ഥാനകമ്മിറ്റിയില്‍ നിന്ന് ഒഴിവായ എല്ലാവര്ക്കും ജില്ലകളില്‍ പാര്‍ടി ചുമതകള്‍ നല്‍കും.