കൊച്ചി> രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ജൈവകൃഷിയും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന എസ്പിസി ലിമിറ്റഡ് കമ്പനിക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രണത്തിനെതിരെ നിയമനടപടികളിലേക്ക്. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ചിലര്‍ എസ് പി സി ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവെന്നും എസ് പിസി സിഇഒ മിഥുന് പി പി അറിയിച്ചു.
ജൈവവളം വില്‍പ്പനയുടെ പേരില്‍ 300 കോടി തട്ടിച്ചു എന്ന രീതിയിലാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. കമ്പനിയുടെ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്കും നല്കുന്ന പണത്തിന് മുഴുവന്‍ ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നുണ്ട്. ഫ്രാഞ്ചൈസി യുടെ പേരില്‍ ഒരു രൂപ പോലും ഡെപ്പോസിറ്റായോ മറ്റുതരത്തിലോ വാങ്ങുന്നില്ലെന്നും കമ്പനിയുടെ ജൈവകൃഷി പദ്ധതികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാസവള ലോബിയാണ് സൈബര്‍ ആക്രണത്തിന് പുറകിലെന്ന് സംശയിക്കുന്നുവെന്നും മിഥുന് അറിയിച്ചു.
ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ എംഡി യാണെന്ന് അവകാശപ്പെട്ടാണ് ഒരാള്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതെന്നും ഇക്കാര്യം വ്യക്തമാക്കി പാലാരിവട്ടം പോലീസ് സ്റ്റേഷനിലും കൊച്ചി സൈബര്‍ പോലീസിനും പരാതി നല്‍കിയെന്നും ഇദ്ദേഹം പറഞ്ഞു.