കൊച്ചി> സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കെ–റെയിലിന്റെ സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാത പദ്ധതിക്ക് കേന്ദ്രവിഹിതം അനുവദിക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം. ഉൾപ്രദേശങ്ങളെ ഉൾപ്പെടെ കോർത്തിണക്കുന്ന റോഡ് ഗതാഗത സംവിധാനവും കേരളത്തിന്റെ സവിശേഷതയാണ്. റെയിൽവേ ഉൾപ്പെടെ കേരളത്തിന്റെ പൊതുഗതാഗതമേഖലയിൽ വലിയ മാറ്റമുണ്ടാകണം.
സർക്കാരിനോടുള്ള രാഷ്ട്രീയവിദ്വേഷം കാരണം സിൽവർലൈൻ പദ്ധതിയെ എതിർക്കുകയാണ് കോൺഗ്രസും ബിജെപിയും മറ്റും. കേരളവികസനത്തെ തകർക്കുകയെന്നതാണ് ഇവരുടെ സമീപനം. അതിന് കേന്ദ്രഭരണത്തെ ബിജെപി ആയുധമാക്കുന്നു. സിൽവർലൈൻ പദ്ധതിക്ക് ബജറ്റ് വിഹിതം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. അതിന് തയ്യാറാകാത്ത കേന്ദ്രനിലപാടിൽ സമ്മേളനം പ്രതിഷേധിച്ചു.