റൊമാൻസ്–-കോമഡി വേഷങ്ങളിലായിരുന്നു ഞാനിതുവരെയും. എന്നാൽ പ്ര.തൂ.മു. പുറത്തുവന്നപ്പോഴാണ് സിനിമയുടെയും അഭിനയത്തിന്റെയും ശക്തി തിരിച്ചറിയുന്നത്. ഈ സിനിമ മലയാളത്തിന്റെ ചിന്താലോകത്ത് ഷോക്കാണെങ്കിൽ എനിക്കിതൊരു ബ്രേക്കാണ്–- പറയുന്നത് നടൻ ഉണ്ണി ലാലു. ഫ്രീഡം ഫൈറ്റ് എന്ന സിനിമാ സമാഹാരത്തിൽ ജിതിൻ തോമസ് ഐസക് സംവിധാനം ചെയ്ത പ്ര.തൂ.മു.യിലെ നായകനാണ് ഉണ്ണി ലാലു. മലയാളത്തിന് കരുത്തുറ്റ പുതിയൊരു കലാകാരനെക്കൂടിയാണ് പ്ര.തൂ.മു. സംഭാവനചെയ്തത്. കക്കൂസ് ടാങ്ക് വൃത്തിയാക്കുന്ന തൊഴിലാളികളുടെ ദയനീയവും അവണഗനാഭരിതവുമായ ജീവിതത്തിലേക്കാണ് ചിത്രം കണ്ണുതുറക്കുന്നത്. അധികാര രാഷ്ട്രീയത്തിന്റെ ക്രൂരമുഖവും പിന്നോക്ക വിഭാഗങ്ങളുടെ നിസ്സഹായജീവിതവും അവതരിപ്പിക്കുന്നു.
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ലക്ഷ്മണനായുള്ള ഉണ്ണിലാലുവിന്റെ അഭിനയം സ്വാഭാവികവും കരുത്തുറ്റതുമായിരുന്നു. ഏതോ തമിഴ്നടനാണിതെന്നാണ് സിനിമാപ്രവർത്തകരടക്കം ധരിച്ചിരുന്നത്. ടിക്ടോക് വീഡിയോയിലും വെബ്സീരിസുകളിലും നിറസാന്നിധ്യമാണ് ഉണ്ണി ലാലു. ടിക്ടോക്വീഡിയോസിൽ ഉണ്ണിയേട്ടനായി അഭിനയിച്ചതോടെയാണ ്പേരിനൊപ്പം ഉണ്ണി ചേർന്നത്.
‘‘പ്ര.തൂ.മു.യിൽ അഭിനയിക്കാനെത്തിയപ്പോൾ ഷൂട്ടിങ് നടക്കുന്ന വീട്ടിലുള്ളയാൾ എന്നെ കണ്ട് വഴക്കുപറഞ്ഞിരുന്നു. ചിത്രീകരണത്തിന് സഹായിക്കാൻ വന്ന പണിക്കാരനാണെന്നാണ് അദ്ദേഹം കരുതിയത്. എനിക്കൊരു നിക്കർ മാത്രമാണ് വേഷം. ഷൂട്ടിങ് കഴിഞ്ഞ് നാലുദിവസം ഡീസലിലായിരുന്നു കുളി. അത്രമാത്രം കറുത്തിരിക്കയായിരുന്നു. ഷൂട്ട് നടക്കുന്ന വീട്ടിലെ സെ്പ്റ്റിക് ടാങ്ക് ശുചീകരിച്ച് സാനിറ്റെസറൊഴിച്ചിരുന്നു. സംവിധായകനോട് വലിയ കടപ്പാടുണ്ട്. സിദ്ധാർഥ് ശിവയുടെ പിന്തുണയും എടുത്തുപറയേണ്ടതാണ്. നൂറ് കിലോയിലധികമുള്ള സിദ്ധാർഥ് ശിവ തലയിൽ കയറിയിരിക്കുമ്പോഴും മറ്റും കാട്ടിയ കരുതൽ മറക്കാനാകില്ല.’’
മൊബൈൽഫോൺ സെയിൽസ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലായിരുന്നു ജോലി. സിനിമാ കമ്പത്താൽ പണി മതിയാക്കി. 12വർഷമായി അഭിനയ രംഗത്തുണ്ട്. 2017ൽ തരംഗം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. 2018ൽ ശ്രീഹള്ളിയിലും അഭിനയിച്ചു. ത്രീ ഇഡിയറ്റ് മീഡീയയിലൂടെ ശ്രദ്ധേയനായി. മിനിസ്ക്രീനിൽ ഹിറ്റായ 14 ഡേയ്സ് ഓഫ് ലൗവ് ലക്ഷങ്ങളാണ് കണ്ടത്. ഇതിന്റെ സംവിധായകൻ നഹാസ് ഹിദായത് ഒരുക്കുന്ന ആരവം ആണ് അടുത്തപടം. കോട്ടൂളിയിലെ കൂലിപ്പണിക്കാരനായ ബാലസുബ്രഹ്മണ്യത്തിന്റെയും ശ്രീജയുടെയും മകനാണ്. ജോലി കളഞ്ഞ് സിനിമയുടെ പിന്നാലെ അലഞ്ഞ തന്നെ പ്രോ ത്സാഹിപ്പിക്കുന്ന അച്ഛനമ്മമാരാണ് ഉണ്ണി ലാലുവിന്റെ സൂപ്പർ ഹീറോസെന്ന് പറയുന്നു.