കീവ്> യുദ്ധം രൂക്ഷമായ ഉക്രയ്നില് നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനിടെ പോളണ്ട് അതിര്ത്തിയില് സ്ഥിതിഗതികള് രൂക്ഷമാവുന്നതായി റിപ്പോര്ട്ട്.കൂട്ടംകൂടി നില്ക്കുന്നവര്ക്കുനേരെ ഉക്രയ്ന് സൈന്യം വാഹനം ഓടിച്ചുകയറ്റിയെന്നും ആകാശത്തേയ്ക്ക് വെടിവച്ചെന്നും ലാത്തിച്ചാര്ജ് നടത്തിയെന്നും വിദ്യാര്ഥികള് ആരോപിച്ചു.
വിദേശികളെയാണ് തടയുന്നത് എന്നാണ് റിപ്പോര്ട്ട്. ഇന്ത്യന് വിദ്യാര്ഥികള്ക്ക് പുറമെ ആഫ്രിക്കന് രാജ്യങ്ങളില് നിന്നുള്ളവരും ഇത്തരത്തില് പോളണ്ട് അതിര്ത്തിയില് മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. സൈനികര് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്ത്തെന്നും റിപ്പോര്ട്ടുകളുണ്ട്. അതിര്ത്തി കടക്കാന് ശ്രമിച്ച പോളണ്ടുകാര് അല്ലാത്തവര്ക്കെതിരെ ലാത്തിച്ചാര്ജ്ജ് ഉള്പ്പെടെ ഉണ്ടായതായും വിദ്യാര്ഥികള് വ്യക്തമാക്കി.
ആയിരത്തിലധികം കിലോമീറ്ററുകള് താണ്ടിയാണ് വിദ്യാര്ഥികള് പോളണ്ട് അതിര്ത്തിയിലേക്കെത്തിയത്. മതിയായ വാഹന സൗകര്യങ്ങള് പോലുമില്ലാതെ പലരും നടന്നാണ് സ്ഥലത്തെതിയത്.ഇതിനിടെയാണ് സൈന്യം ഇവര്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
രാജ്യത്ത് നിന്ന് പലായനം ചെയ്യാന് ശ്രമിക്കുന്ന ഉക്രയ്ന് പൗരന്മാരായ സ്ത്രീകള് ഉള്പ്പെടെയുള്ളവരെ സൈന്യം അതിര്ത്തികടക്കാന് അനുവദിക്കുന്നു എന്നും റിപ്പോര്ട്ടുകള് പറയുന്നു. എന്നാല് പുരുഷന്മാരെ കടത്തിവിടുന്നില്ല.