തിരുവനന്തപുരം
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സെമികേഡർ പരിഷ്കരണത്തെ തള്ളി എഐസിസി. കേഡർ സംവിധാനം കോൺഗ്രസിലില്ലെന്ന് എഐസിസി നേതാക്കൾ സുധാകരനെ ഒപ്പമിരുത്തി പറഞ്ഞു. സെമികേഡറെന്നാൽ സമർപ്പിത പ്രവർത്തനമെന്നായിരുന്നു ഇതിനോടുള്ള സുധാകരന്റെ വിശദീകരണം.
എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ, സംഘടനാ തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസർ ജി പരമേശ്വര, അസി. റിട്ടേണിങ് ഓഫീസർ വി കെ അറിവഴകൻ എന്നിവരോടൊപ്പം നേതൃയോഗത്തിനുശേഷം വാർത്താസമ്മേളനം നടത്തുകയായിരുന്നു സുധാകരൻ.
ആരോടും ആലോചിക്കാതെ സുധാകരന്റെ സ്വന്തം പരിഷ്കാരമാണ് സെമികേഡറെന്നത് ബോധ്യപ്പെടുത്തുന്നതായി നേതാക്കളുടെ പ്രതികരണം. എം എം ഹസനടക്കമുള്ളവർ നേരത്തേ ഈ പരിഷ്കാരത്തെ തള്ളിയിരുന്നു. ഇക്കാര്യം ചോദിച്ചപ്പോൾ അത് ഹസനെ ബോധ്യപ്പെടുത്തി എന്നായിരുന്നു സുധാകരന്റെ മറുപടി. സുധാകരനെയും സെമി കേഡറിസത്തെയും എതിർക്കുന്ന നേതാക്കൾ വരും ദിവസങ്ങളിൽ ഇത് ആയുധമാക്കും.
മെമ്പർഷിപ്
ഡിജിറ്റലാക്കും
പുനഃസംഘടനയടക്കം പ്രതിസന്ധിയിലായിരിക്കെ അംഗത്വവിതരണം ഡിജിറ്റലാക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ്. അംഗത്വ വിതരണോദ്ഘാടനം രണ്ടുതവണ നടത്തിയിട്ടും മെമ്പർഷിപ്പ് നൽകിയിരുന്നില്ല. ഇതിനിടെയാണ് ഡിജിറ്റൽ പരിഷ്കരണപ്രഖ്യാപനം.
ഡിജിറ്റലായി 50 ലക്ഷംപേരെ അംഗങ്ങളാക്കുമെന്നാണ് നേതാക്കളുടെ പ്രഖ്യാപനം.