തിരുവനന്തപുരം
കേന്ദ്ര ബജറ്റിൽ റെയിൽവേ അവഗണനയ്ക്കെതിരെ പാർലമെന്റിൽ ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ എംപിമാരുടെ യോഗത്തിൽ അഭ്യർഥിച്ചു. ശബരിപാത, നേമം–-കോച്ചുവേളി ടെർമിനലുകൾ, തലശേരി–- -മൈസൂരു, കാഞ്ഞങ്ങാട്–– പാണത്തൂർ–– കണിയൂർ പാതകൾ എന്നീ പദ്ധതികളിലൊന്നും അനുകൂല പ്രഖ്യാപനമുണ്ടായിട്ടില്ല.
എറണാകുളം–-ഷൊർണൂർ ഓട്ടോമാറ്റിക് സിഗ്നലിങ്, അമൃത എക്സ്പ്രസ് രാമേശ്വരംവരെ നീട്ടൽ, എറണാകുളം–-വേളാങ്കണ്ണി പുതിയ ട്രെയിൻ ആവശ്യങ്ങളും പരിഗണിച്ചില്ല. തിരുവനന്തപുരം, എറണാകുളം എൽഎച്ച്ബി കോച്ചുകൾ കൈകാര്യം ചെയ്യാൻ സംവിധാനം, കൊല്ലം, എറണാകുളം സ്റ്റേഷൻ നവീകരണം, കൊല്ലം മെമു ഷെഡ് വിപുലീകരണം തുടങ്ങിയവയിലും നിഷേധാത്മക നിലപാടാണ്.
എയിംസ് സ്ഥാപിക്കുന്നത് പ്രധാനമന്ത്രിയോട് ഉൾപ്പെടെ നിരവധി തവണ ആവശ്യപ്പെട്ടു. ജിഎസ്ടി നഷ്ടപരിഹാരം തുടർന്നും ലഭിക്കണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ വിമാന കമ്പനികളുടെ സർവീസ് അടിയന്തരമായി അനുവദിക്കണം. തുറമുഖ ബിൽ, സഹകരണനിയമം, ഡാം സുരക്ഷാ ബിൽ, കന്റോൺമെന്റ് ബിൽ, ഫാക്ടറീസ് റീ- ഓർഗനൈസേഷൻ മുതലായ സമവർത്തി പട്ടികയിലുള്ള വിഷയങ്ങളിലും കേന്ദ്രം നിയമനിർമാണം നടത്തുന്നത് ശക്തമായി എതിർക്കണം.
മടങ്ങിവരുന്ന പ്രവാസികൾക്കായുള്ള സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. ഇതുവരെ പ്രതികരണമില്ല. എൽഐസി, ബിപിസിഎൽ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായി ഇടപെടണം. കേന്ദ്രം എച്ച്എൽഎൽ കൈയൊഴിഞ്ഞാൽ ഉടമസ്ഥാവകാശം മത്സരാധിഷ്ഠിത ടെൻഡർ ഒഴിവാക്കി സംസ്ഥാനത്തിന് കൈമാറണമെന്ന ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.