തിരുവനന്തപുരം
പുതിയതും നവീകരിച്ചതുമായ 25 സപ്ലൈകോ വിൽപ്പനശാലയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിനോടു ചേർന്നുള്ള സൂപ്പർമാർക്കറ്റ് നേരിട്ടും മറ്റുള്ളവ ഓൺലൈനിലുമാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തിന്റെ പൊതുവിതരണരംഗം ലോകത്തിനുതന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ എല്ലാവര്ക്കും ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത് ശ്രദ്ധേയമായിരുന്നു. ജനകീയ ഭക്ഷണശാലകൾവഴി 20 രൂപയ്ക്ക് ഊണ് നൽകി. സമൂഹ അടുക്കളകൾ തുറന്നു. 2016 മുതൽ 13 അവശ്യസാധനത്തിന് വില കൂട്ടിയില്ല. സാധനങ്ങളുടെ ഗുണനിലവാരവും ന്യായവിലയും ഉറപ്പാക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു. അതിനാലാണ് പുതിയ വിൽപ്പനശാലകൾ തുടങ്ങാൻ ജനങ്ങൾ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 11 ജില്ലയിലെ 25 വിൽപ്പനശാലയാണ് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി. ആറ് വർഷത്തിനിടെ വിപണി ഇടപെടലിനായി 16,332 കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാനത്തെ വിൽപ്പനശാലകൾ 1627 ആയെന്നും മന്ത്രി പറഞ്ഞു.