കോലഞ്ചേരി
രക്ഷാകരങ്ങൾക്കായി മെറീനയും സഹപാഠികളും. ഉക്രയ്നിൽ എംബിബിഎസ് പഠനത്തിനായി പോയ പന്ത്രണ്ടംഗസംഘത്തിലുള്ളതാണ് മാമല സ്വദേശിനിയായ മെറീന ആന്റണി. യുദ്ധത്തിന്റെ ആശങ്കകൾക്ക് നടുവിലാണ് കറാസിനിലെ നാഷണൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ മെറീനയും സഹപാഠികളും. യുദ്ധത്തിന്റെ ഭീകരതയും കെടുതികളും തൊട്ടടുത്ത് കേൾക്കുമ്പോഴും ധൈര്യം കൈവിടാതെ പുഷ്കിൻസ്കാ മെട്രോ സ്റ്റേഷനുകീഴെയുള്ള അണ്ടർ ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ടുദിവസത്തിലേറെയായി കഴിയുകയാണ് മെറീന ഉൾപ്പെട്ട മലയാളിസംഘം. എംബസി വളരെ വൈകിയാണ് ഉണർന്നതെന്ന പരിഭവം ഇവർ പങ്കുവയ്ക്കുന്നു. ഇവരുമായി ഫോണിൽ ബന്ധപ്പെടുമ്പോൾ അതിശക്തമായ വെടിയൊച്ചകൾ പുറത്ത് കേൾക്കാം. പ്രദേശത്ത് വൈകിട്ട് ആറുമുതൽ പുലർച്ചെ ആറുവരെ കർഫ്യൂ ആയതിനാൽ പ്രാഥമികാവശ്യങ്ങൾക്കായി അടുത്തുള്ള ഒരു ഫ്ലാറ്റിൽ പോയി വേഗം മെട്രോ അണ്ടർ ഗ്രൗണ്ടിലേക്ക് മടങ്ങുമെന്നും മെറീനയോടൊപ്പമുള്ള വിദ്യാർഥികൾ പറഞ്ഞു.
ഇവർ താമസിക്കുന്ന സ്ഥലത്തുനിന്ന് എയർപോർട്ടിലേക്ക് 540 കിലോമീറ്ററോളം ദൂരമുണ്ട്. അയല്‍രാജ്യങ്ങളായ പോളണ്ട്, ഹംഗറി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസുകള്‍ അതത് രാജ്യത്തിന്റെ പതാകകൾ വഹിച്ച് പോകുന്നുണ്ടെങ്കിലും ബോംബ് വീണ് തകർന്ന റോഡിലൂടെയുള്ള ദൈർഘ്യമേറിയ ബസ് യാത്ര അപകടം നിറഞ്ഞതാണെന്ന് ഇവർ പറയുന്നു. കൈയിൽ കരുതിയിരിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ക്ഷാമമുണ്ട്. ബങ്കറുകളിൽ ഉള്ളവർക്കാണ് ആദ്യസഹായം എത്തുന്നതെന്നും അതിശൈത്യത്തില്‍ രക്ഷാകരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വിദ്യാർഥികൾ പറയുന്നു. ഏകദേശം പതിനയ്യായിരത്തിനടുത്ത് ഇന്ത്യക്കാരും അതിൽത്തന്നെ മൂവായിരത്തിനടുത്ത് മലയാളികളും ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. കണ്ണൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽനിന്നുള്ള വിദ്യാർഥികളും മെറീനയ്ക്കൊപ്പമുണ്ട്. മകളുടെയും സഹപാഠികളായ സുഹൃത്തുക്കളുടെയും കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും സുരക്ഷിതരായി തിരിച്ചെത്തുമെന്ന ഉറച്ച ധൈര്യത്തിലാണ് അച്ഛൻ ആന്റണിയും കുടുംബാംഗങ്ങളും.