തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് സഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചാൽ മുഖ്യമന്ത്രിമാത്രം കുറ്റക്കാരനാകുന്നത് എങ്ങനെയെന്ന് ലോകായുക്ത സിറിയക് ജോസഫ്. ദുരിതാശ്വാസമായി എത്ര തുകവേണമെങ്കിലും അനുവദിക്കാൻ കഴിയുമെന്നും അത് നിയമപരമാണെന്നും ലോകായുക്ത നിരീക്ഷിച്ചു.
വ്യക്തികൾ ക്രമക്കേട് നടത്തിയാലേ ലോകായുക്തയ്ക്ക് പരിശോധിക്കാൻ അധികാരമുള്ളൂവെന്നും മന്ത്രിസഭയെടുത്ത തീരുമാനങ്ങൾ പരിശോധിക്കാനുള്ള അധികാരം ഇല്ലെന്നും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് പറഞ്ഞു.
മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ, എൻസിപി നേതാവ് ഉഴവൂർ വിജയൻ എന്നിവരുടെ മരണശേഷം കുടുംബത്തിന് ധനസഹായം നൽകിയിരുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോകുന്നതിനിടെ അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് ധനസഹായം നൽകിയതും ചോദ്യം ചെയ്താണ് ലോകായുക്തയിൽ പരാതിയെത്തിയത്. പരാതിക്കാരന്റെ വാദത്തെ ലോകായുക്ത രൂക്ഷമായി വിമർശിച്ചു. അകമ്പടി പോകുന്നത് ഔദ്യോഗിക കൃത്യനിർവഹണമാണ്. അതിനിടെ അപകടത്തിൽ മരിക്കുന്നയാളുടെ കുടുംബത്തിന് ധനസഹായം നൽകാൻ സർക്കാരിന് ബാധ്യതയില്ലേയെന്നും കോടതി ചോദിച്ചു.
സ്വജനപക്ഷപാതം നടത്തിയെന്നതിന് പരാതിക്കാരന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു. മന്ത്രിസഭാ യോഗമാണ് പണം അനുവദിച്ചത്. മുൻ സർക്കാരുകളും സഹായം നൽകിയിട്ടുണ്ടെങ്കിലും പരാതി ആദ്യമാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി വാദിച്ചു. മാർച്ച് മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.