കീവ് > റഷ്യൻ സൈനിക ആക്രമണത്തിൽ മൂന്ന് കുട്ടികളടക്കം 198 ഉക്രയ്ൻ പൗരന്മാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രി വിക്ടർ ലഷ്കോ. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. 120,000 യുക്രൈൻ പൗരന്മാര് രാജ്യം വിട്ടെന്നാണ് യുഎൻ റിപ്പോർട്ട്. കരമാർഗമുള്ള റഷ്യൻ മുന്നേറ്റം യുക്രൈൻ സൈന്യം പ്രതിരോധിച്ചതോടെ റഷ്യ വ്യോമാക്രമണം കടുപ്പിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യയ്ക്ക് മേൽ ആണവ ഉപരോധം ഏര്പ്പെടുത്തണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര ആണവോര്ജ്ജ ഏജന്സിയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. റഷ്യയുടെ ആണവശേഖരത്തിൽ അന്താരാഷ്ട്ര പരിശോധനയെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. അതേസമയം യുക്രൈനില് കുടുങ്ങിക്കിടന്ന ഇന്ത്യക്കാരെയും വഹിച്ചുള്ള ആദ്യ വിമാനം റുമാനിയന് തലസ്ഥാനമായ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് തിരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഇന്ത്യന് സമയം 1.45 ഓടെയാണ് ബുക്കാറെസ്റ്റ് വിമാനത്താവളത്തില് നിന്ന് എയര് ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെട്ടത്. രാത്രി ഒമ്പതരയോടെ വിമാനം മുംബൈയിലെത്തും.