തിരുവനന്തപുരം> ഉക്രയ്നില് നിന്നെത്തുന്ന മലയാളി വിദ്യാര്ഥികള്ക്ക് കേരള ഹൗസില് താമസ സൗകര്യം ഒരുക്കുമെന്ന് സംസ്ഥാന സര്ക്കാര്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില് ഇന്നലെ തന്നെ ഇതിനാവശ്യമായ നിര്ദേശങ്ങള് നല്കിയിട്ടുണ്ടെന്ന് നോര്ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന് അറിയിച്ചു.
നോര്ക്കയുടെ പ്രിന്സിപ്പല് സെക്രട്ടറിയുടെ നേതൃത്വത്തില് പ്രൊപ്പോസല് സബ്മിറ്റ് ചെയ്യാന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രൊപ്പോസല് സബ്മിറ്റ് ചെയ്യുന്ന മുറയ്ക്ക് ഉത്തരവ് അടിയന്തരമായി പുറത്തിറങ്ങും. നോര്ക്കയുടെ ഓണ്ലൈന് രജിസ്ട്രേഷന് കൗണ്ടറില് ഇതുവരെ 1428 പേരാണ് രജിസ്റ്റര് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഉക്രയ്നില് നിന്ന് പുറപ്പെട്ട ആദ്യ ഇന്ത്യന് സംഘം റൊമേനിയയിലെ വിമാനത്താവളത്തിലെത്തി. മലയാളികള് ഉള്പ്പെടെ 470 പേരാണ് ആദ്യ സംഘത്തിലുള്ളത്. വൈകിട്ടോടെ വിമാനം മുംബൈയിലെത്തിച്ചേരും. ബുക്കോവിനിയന് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്ഥികളാണ് സംഘത്തിലുള്ളത്.
യുദ്ധം മൂന്നാം ദിവസവും തുടരുന്ന പശ്ചാത്തലത്തില് ഭീതിയിലാണ് ഖാര്ക്കീവിലെ ഇന്ത്യന് വിദ്യാര്ഥികള്. നിരവധി വിദ്യാര്ഥികള് മണിക്കൂറുകളായി ബങ്കറുകള്ക്കുള്ളില് കുടുങ്ങിക്കിടക്കുകയാണ്.
വിലക്കയറ്റവും കടകളില് സാധനങ്ങളുടെ ലഭ്യത കുറയുന്നതും മൂലം ആശങ്ക ഉയരുകയാണ്. വിദ്യാര്ഥികള് ഇന്ത്യന് എംബസിയുടെ നിര്ദേശം ലഭിക്കാതെ അതിര്ത്തികളിലേക്ക് യാത്ര ചെയ്യരുതെന്ന് നിര്ദേശമുണ്ട്. നിര്ദേശം ലഭിക്കാത്തവര് നിലവില് തുടരുന്ന സ്ഥലങ്ങളില് നിന്ന് പുറത്തിറങ്ങരുതെന്നും എംബസി നിര്ദേശിച്ചിട്ടുണ്ട്.