കൊച്ചി
രണ്ടരവയസ്സുകാരിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ കുട്ടിയുടെ മാതൃസഹോദരിയെയും മകനെയും ഇവരുടെ സുഹൃത്ത് ആന്റണി ടിജിനെയും തൃക്കാക്കര പൊലീസ് ചോദ്യംചെയ്തു. കുട്ടിയെ മർദിച്ചിട്ടില്ലെന്ന് ഇരുവരും ആവർത്തിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ ഇരുവരെയും മകനെയും വ്യാഴാഴ്ച മൈസൂരുവിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. വെള്ളി പുലർച്ചെ 12.30ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു. താൻ കുന്തിരിക്കം കത്തിച്ചപ്പോൾ കുട്ടി അത് തട്ടിക്കളഞ്ഞതാണ് കൈയ്ക്ക് പൊള്ളലേൽക്കാൻ കാരണമെന്ന് ആന്റണി മൊഴി നൽകി. കുട്ടിയുടെ മാതൃസഹോദരിയെ എട്ടുമാസംമുമ്പ് ക്ഷേത്രത്തിനുമുന്നിൽനിന്ന് മാല ചാർത്തി വിവാഹം ചെയ്തുവെന്നും ഇയാൾ പറഞ്ഞു.
ഇവരുടെ സഹോദരൻ തന്റെ സുഹൃത്തായിരുന്നു. അയാൾ വിദേശത്തുവച്ചാണ് മരിച്ചത്. പനങ്ങാടുള്ള ചിലരാണ് സഹോദരനെ വിദേശത്ത് കൊണ്ടുപോയത്. അയാളുടെ മരണശേഷം പനങ്ങാടുള്ള ചിലർക്ക് കുടുംബത്തോട് കടുത്ത വിരോധം ഉണ്ടെന്ന് ഇയാൾ അവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയശേഷം ഇവരെ വിട്ടയച്ചു. ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.
മൈസൂരു-–-ബംഗളൂരു റോഡിൽ വ്യാഴം പുലർച്ചെ വിശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. കുട്ടിക്കു മർദനമേറ്റ സംഭവത്തിൽ പ്രതി ചേർത്തിട്ടില്ലെങ്കിലും ആദ്യംമുതൽ സംശയം ആന്റണിയെയായിരുന്നു. ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ എത്തിയില്ല. ഒടുവിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻവഴി നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
തൃക്കാക്കര എസ്ഐ എൻ ഐ റഫീക്, എസ്ഐ ഗിരീഷ്, സിപിഒമാര് ജാബിർ, രഞ്ജിത്, രജിത എന്നിവരാണ് മൈസൂരുവിലെത്തി മൂവരെയും കസ്റ്റഡിയിലെടുത്തത്. ആന്റണി ടിജിൻ മാധ്യമങ്ങൾക്ക് അയച്ച വീഡിയോ സന്ദേശത്തിൽ താൻ കൊച്ചിയിൽത്തന്നെ ഉണ്ടെന്നും തനിക്ക് ഭീഷണിയുള്ളതിനാലാണ് ഹാജരാകാത്തതെന്നുമാണ് പറഞ്ഞിരുന്നത്.
കുട്ടിയും അമ്മയും അമ്മൂമ്മയും ഐസിയുവിൽ തന്നെ
ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലുള്ള കുട്ടിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. പനിയോ അപസ്മാരമോ ഉണ്ടായിട്ടില്ല. ഒടിവുള്ള കൈ ഒഴികെയുള്ള ശരീരഭാഗങ്ങൾ ചലിപ്പിക്കുന്നുണ്ട്. മുഴുവൻ സമയവും കണ്ണ് തുറന്നാണ് കിടക്കുന്നത്. വായിലൂടെയാണ് ആഹാരം നൽകുന്നതെങ്കിലും തനിയെ എഴുന്നേറ്റിരിക്കാനോ, ശബ്ദങ്ങളോ വാക്കുകളോ പുറപ്പെടുവിക്കാനോ തുടങ്ങിയിട്ടില്ല. കുഞ്ഞിന്റെ സംസാരശേഷിക്ക് കുറവുണ്ടാകാൻ സാധ്യതയുള്ളതായും ആശുപത്രി അധികൃതർ പറഞ്ഞു.
വനിതാ കമീഷൻ അംഗം അഡ്വ. ഷിജി ശിവജി, സിഡബ്ല്യുസി ചെയർപേഴ്സണ്, അംഗങ്ങള് എന്നിവര് കുട്ടിയെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കുമെന്ന് ചെയർപേഴ്സൺ പറഞ്ഞു. വ്യാഴം പുലർച്ചെ ആത്മഹത്യക്ക് ശ്രമിച്ച അമ്മയും അമ്മൂമ്മയും ഐസിയുവിൽത്തന്നെ തുടരുകയാണ്.















