ചാവക്കാട്
ഉക്രയ്നിലെ ഒറ്റ ക്യാമ്പസിൽ കുടുങ്ങി ക്കിടക്കുന്നത് 800ഓളം മലയാളി മെഡിക്കൽ വിദ്യാർഥികൾ.ഉക്രയ്നിലെ സപോറൈഷ്യ സംസ്ഥാനത്തെ വോസ്നേസെനിവിസ്കി ജില്ലയിലെ സപോറൈഷ്യ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് 800 മലയാളികളടക്കം 1700ഓളം ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നതെന്ന് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ മെഡിക്കൽ വിദ്യാർഥികളും ചാവക്കാട് ഇരട്ടപ്പുഴ ചെവിടൻ കുലവൻ സി പി മണികണ്ഠന്റെ ഇരട്ടക്കുട്ടികളുമായ അഞ്ജനയും അഞ്ജലിയും പറഞ്ഞു. ഫെബ്രുവരി രണ്ടാം വാരത്തിൽ നാട്ടിൽ വരാൻ ശ്രമിച്ചെങ്കിലും വിമാന ടിക്കറ്റ് നിരക്ക് നാലിരട്ടിയും അഞ്ചിരട്ടിയും വർധിപ്പിച്ചത് തടസ്സമായി. 30,000 രൂപയുണ്ടായിരുന്ന ടിക്കറ്റ് വില ഫെബ്രുവരി 15ന് ശേഷം ആദ്യം 82,000വും പിന്നീട് 99,000വും അവസാനം ഒന്നേക്കാൽ ലക്ഷവുമായി ഉയർന്നിരുന്നു.
സപോറൈഷ്യയുടെ അടുത്ത പ്രദേശങ്ങളിൽ സ്ഫോടനം നടന്നതോടെ ഇവർ ഭീതിയിലുമാണ്, ഭക്ഷണക്ഷാമവും ഉണ്ട്. തുറന്ന കടകളിൽ തദ്ദേശീയർക്ക് പ്രത്യേക പരിഗണന നൽകുന്നതിനാൽ ഇന്ത്യൻ വിദ്യർഥികൾക്ക് ഭക്ഷണം കിട്ടുന്നില്ല. ഭക്ഷണവസ്തുക്കൾ കൈവശമുള്ളവർ പരസ്പരം കൈമാറുന്നുണ്ടെങ്കിലും അവ തീർന്നാൽ എന്ത്ചെയ്യുമെന്നതാണ് ആശങ്ക. ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങാൻ അനുവദിക്കുന്നത് ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണ്. ക്യൂനിന്ന് ഊഴമെത്തുമ്പോഴേക്കും സമയം കഴിയും. കഴിഞ്ഞ ദിവസം നാലര മണിക്കൂറിലധികം കാത്തുനിന്നശേഷമാണ് കുടിവെള്ളം കിട്ടിയത്.
ഏത് നിമഷവും നാട്ടിലേക്ക് പോകാൻ ഒരുങ്ങിയിരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. റുമേനിയൻ അതിർത്തിവരെ കരമാർഗം എത്തിക്കാനും അവിടെ നിന്ന് വിമാനം ലഭ്യമാക്കുമെന്നുമാണ് അറിയിച്ചിട്ടുള്ളത്. .ഏഴ് നിലകളിലായി പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ അപായ സൂചന നൽകാനായി ഓരോ മുറിയിലും ഉപകരണങ്ങൽ സ്ഥാപിച്ചിട്ടുണ്ടെന്ന് അഞ്ജനയും അഞ്ജലിയും പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണ് ഉക്രയ്നിലേക്ക് ഇരുവരും പോയത്.
മലയാളി വിദ്യാർഥികളോട്
പോളണ്ട് അതിർത്തിയിലെത്താൻ
നിർദേശം
യുദ്ധത്തെ തുടർന്ന് ഉക്രയ്നിൽ കുടുങ്ങിയ മലയാളി മെഡിക്കൽ വിദ്യർഥികളോട് റോഡുമാർഗം പോളണ്ട് അതിർത്തിയിലെത്താൻ സർവകലാശാല അധികൃതരുടെ നിർദേശം. എംബസിയുടെ പിന്തുണയില്ലാതെ റോഡ് യാത്ര സുരക്ഷിതമല്ലാത്തതിനാൽ ഇവർ പുറപ്പെട്ടിട്ടില്ല. വിന്റ്സിൽസിൽ കുടുങ്ങിയ ചെറായി കുറ്റിപ്പിള്ളിശേരി ഉണ്ണിക്കൃഷ്ണന്റെ മകൾ ശ്രീലക്ഷ്മി, പള്ളിപ്പുറം അച്ചാരുപറമ്പിൽ പയസിന്റെ മകൾ ഫെലീന എന്നിവരാണ് നാട്ടിലെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചത്. യാത്രയ്ക്ക് എംബസിയുടെ സംരക്ഷണംതേടി നാട്ടിലെ അധികൃതരുമായി രക്ഷാകർത്താക്കൾ ബന്ധപ്പെടുകയാണ്.
വിന്റ്സിൽസിലെ ഹോസ്റ്റലിൽ താഴെനിലയിലുള്ള ബങ്കറുകളിലാണ് വിദ്യാർഥികൾ ഇപ്പോൾ അഭയം തേടിയിട്ടുള്ളത്. ഭൂഗർഭ അറകളായ ബങ്കറുകളിൽ കൂട്ടത്തോടെ കഴിയേണ്ടിവരുന്നത് ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. ദിവസങ്ങൾ നീളുന്തോറും ആഹാരത്തിനും വെള്ളത്തിനും ബുദ്ധിമുട്ടാകുമെന്ന ആശങ്കയുമുണ്ട്. ഇതുവരെ നാട്ടിലേക്ക് ബന്ധപ്പെടുന്നതിന് തടസ്സമുണ്ടായിട്ടില്ല. യുദ്ധം നീണ്ടാൽ അതും കഴിയില്ല. എത്രയുംവേഗം വ്യോമമാർഗം ഇന്ത്യയിലേക്കോ ഏതെങ്കിലും വിദേശ രാജ്യത്തേക്കോ എത്തിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാർഥികളുടെ അഭ്യർഥന.















