തലശേരി > ആയുധ പരിശീലനത്തിന്റെയും ബോംബുനിർമാണത്തിന്റെയും പാഠശാലയാകുകയാണ് ആർഎസ്എസ് സംഘ ശിക്ഷാവർഗുകൾ. സംഘ ശിക്ഷാവർഗിൽ ആയുധ രിശീലനം നേടിയവരാണ് ജീവനെടുക്കാൻ മഴുവും കൊടുവാളും ബോംബുമായി തെരുവിലിറങ്ങുന്നത്. ഏറ്റവും മൃഗീയമായും അറപ്പില്ലാതെയും മനുഷ്യരെ വെട്ടിപ്പിളർക്കാനുള്ള മാനസികാവസ്ഥയിലേക്ക് സ്വയംസേവകരെ എത്തിക്കുന്നത് ഈ പരിശീലനമാണ്. കൂത്തുപറമ്പ് തൊക്കിലങ്ങാടി സ്കൂളിലെ സംഘ ശിക്ഷാവർഗ് കഴിഞ്ഞയുടനെയാണ് പള്ളൂരിലെ കണ്ണിപ്പൊയിൽ ബാബുവിനെ കഴുത്തറുത്ത് കൊന്നത്. കോടിയേരി നങ്ങാറത്ത്പീടികയിലെ ടാഗോർ സ്കൂളിലെ പരിശീലനത്തിനുപിന്നാലെ പുന്നോൽതാഴെവയലിലെ ഹരിദാസന്റെ ജീവനുമെടുത്തു.
കൊലയാളിസംഘത്തെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനവും ഫണ്ടും ആർഎസ്എസിനുണ്ട്. കേരളത്തിൽ കുഴപ്പം സൃഷ്ടിക്കാൻ കേന്ദ്ര ബിജെപി നേതൃത്വവും സഹായം നൽകുന്നു. പ്രകോപനം സൃഷ്ടിക്കുക, കൊലപാതകം നടത്തുക എന്ന തന്ത്രമാണിപ്പോൾ ആർഎസ്എസ് പ്രയോഗിക്കുന്നത്. പുന്നോലിൽ സിപിഐ എം പ്രവർത്തകരെ അടിച്ചുകൈയൊടിക്കുകയും പാർടി കോൺഗ്രസ് ചുമരെഴുത്തിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തതിന് പിന്നാലെയാണ് കൊലപാതകം.
സിപിഐ എം പ്രവർത്തകരെ ആക്രമിച്ചും കൊന്നും കേരളത്തിൽ അശാന്തി സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യവും ഇതിനു പിന്നിലുണ്ട്. ആർഎസ്എസ് ശാഖകളിലും സംഘ ശിക്ഷാവർഗുകളിലും പങ്കെടുക്കുന്ന ചെറുപ്പക്കാരെയാണ് ക്രിമിനലുകളാക്കി നേതൃത്വം മാറ്റുന്നത്. ശാഖകളിലെ ആയുധ പരിശീലനം ആർഎസ്എസ് അവസാനിപ്പിച്ചാലേ നാടിന് ശാന്തി ലഭിക്കൂവെന്ന് ഓർമപ്പെടുത്തുന്നതാണ് പുന്നോൽ സംഭവം.