തിരുവനന്തപുരം> മാനസികാരോഗ്യ രംഗത്ത് കാലോചിതമായ പരിഷ്കരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. ‘മാനസികാരോഗ്യ സാക്ഷരത’ ഉറപ്പാക്കുന്നതിനായി ബോധവത്ക്കരണ പ്രവര്ത്തനങ്ങള് നടത്താന് തീരുമാനിച്ചിട്ടുണ്ട്. ഫീല്ഡുതല ആശുപത്രികളില് രോഗ സ്വഭാവമനുസരിച്ച് മാനസികാരോഗ്യ ചികിത്സ ഉറപ്പാക്കും. പുനരധിവാസം സാധ്യമാക്കുന്നതിന് ബോധവത്ക്കരണ പ്രവര്ത്തനങ്ങള് നടത്തും. സംസ്ഥാനത്തെ മൂന്ന് മാനസികാരോഗ്യ കേന്ദ്രങ്ങളുടേയും അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികള് ആവിഷ്കരിച്ചു നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില് എന് ഷംസുദ്ദീന് എംഎല്എ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളില് ഒഴിഞ്ഞ് കിടക്കുന്ന തസ്തികകള് അടിയന്തരമായി നികത്തുന്നതിനുള്ള നടപടി സ്വീകരിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. പുതിയ തസ്തതികള് സൃഷ്ടിക്കാന് കഴിയുമോ എന്ന കാര്യം സര്ക്കാര് പ്രത്യേകം പരിശോധിക്കുന്നു. കോഴിക്കോട്, തൃശൂര് മാനസികാരോഗ്യ കേന്ദ്രങ്ങളില് ഉണ്ടായിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തില് അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ആരോഗ്യ വകുപ്പ് അഡീഷണല് ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചകള് എന്തെങ്കിലും സംഭവിച്ചിട്ടുള്ളതായി കണ്ടെത്തുകയാണെങ്കില് ആവശ്യമായ നടപടികള് സ്വീകരിക്കുന്നതാണ്.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പൊതുസ്ഥിതി പരിശോധിക്കുന്നതിനും പരിഷ്കരണ പ്രവര്ത്തനങ്ങള്ക്ക് എന്തൊക്കെ ഇടപെടലുകള് നടത്തേണ്ടതുണ്ട് എന്നത് സംബന്ധിച്ച ക്രിയാത്മകമായ നിര്ദ്ദേശങ്ങള് സമര്പ്പിക്കുന്നതിനുമായി വിദഗ്ധ സമതിയെ നിയോഗിക്കാന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില് സമിതി റിപ്പോര്ട്ട് നല്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില് നിലനില്ക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് നാല് സെക്യൂരിറ്റി ജീവനക്കാരെ പുതുതായി നിയമിക്കുന്നതിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. നടപടികള് പൂര്ത്തീകരിച്ച് വനിതകള് ഉള്പ്പെടെയുള്ള നാല് സെക്യൂരിറ്റി ജീവനക്കാരെ ഉടനടി നിയമിക്കുന്നതണ്. വാര്ഡുകളില് കൂടുതല് സി.സി.ടി.വി.കള് സ്ഥാപിച്ചും ആശുപത്രി കോമ്പൗണ്ടിനുള്ളില് കൂടുതല് ഇലക്ട്രിക് ബള്ബുകള് സ്ഥാപിച്ചും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനുള്ള അടിയന്തിര നടപടികള് സ്വീകരിച്ചു വരുന്നു. ഇത്തരം സംഭവങ്ങള് ആവര്ത്തിക്കാതിരിക്കാന് ജിവനക്കാര്ക്ക് ബോധവല്ക്കരണ പരിപാടികളും പരിശീലനവും മറ്റും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.