തലശേരി> പുന്നോലിൽ താഴെവയലിലെ ഹരിദാസനെ വെട്ടിക്കൊല്ലുന്നതിന് തൊട്ടുമുൻപ് മുഖ്യപ്രതിയും ബിജെപി നേതാവുമായ കെ ലിജേഷ് വിളിച്ചത് കണ്ണവം സ്റ്റേഷനിലെ പൊലീസുകാരൻ സുരേഷ് നരിക്കോടനെ. വാട്സ്ആപ്പ് കോളിൽ നാല് മിനിറ്റ് നേരം പ്രതി സംസാരിച്ചു.
റിമാൻഡിലായ പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസുകാരനെ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്ക് വിളിച്ച കാര്യം ശ്രദ്ധയിൽപെട്ടത്. ഇതിന് ശേഷമാണ് ഒന്നിച്ച് ജോലിചെയ്യുന്ന സുനേഷ് എന്ന മണിയെ വിളിച്ച് ഹരിദാസൻ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറിൽ തിരിച്ചെത്തിയതായി മനസിലാക്കിയതും കൊലയാളി സംഘത്തിന്വിവരം കൊടുത്തതും.
പൊലീസുകാരനെ അന്വേഷക സംഘം വിളിച്ചുവരുത്തി ചോദ്യംചെയ്തു. മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തി്ട്ടുണ്ട്. ആള്മാറി വിളിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാട്സ്ആപ്പ് കോൾ റിക്കവറി ചെയ്യാൻ വിദഗ്ധരുടെ സേവനം പൊലീസ് തേടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളുടെ മൊബൈൽഫോൺ വിവരങ്ങൾ ബുധനാഴ്ച അന്വേഷകസംഘത്തിന് ലഭിക്കും. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പ്രത്യേക അന്വേഷക സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തുവരുന്നു.