തലശേരി
നാലുമാസം പ്രായമായ ഇതിക മോളുടെ കളിചിരിക്കും മേലെ തീരാനോവിന്റെ കടലിരമ്പുകയാണ് പുന്നോൽ താഴെവയലിലെ ‘ശ്രീമുത്തപ്പൻ’ വീട്ടിൽ. പേരക്കുട്ടിയെ താലോലിക്കാൻ വീടിന്റെ സ്നേഹത്തണൽ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ല മിനിക്കും പെൺമക്കളും.
തിങ്കളാഴ്ച പുലർച്ചെയാണ് അമ്പത്തിനാലുകാരനായ ഹരിദാസനെ വീടിനുമുന്നിലിട്ട് ആർഎസ്എസ്സുകാർ വെട്ടിക്കൊന്നത്. ഹരിദാസന്റെയും മിനിയുടെ മൂത്തമകൾ ചിന്നുവിന്റെ കുട്ടിയാണ് ഇതിക. പേരക്കുട്ടിയെ കണ്ട് കൊതിതീരുംമുമ്പാണ് ആ വിയോഗം. ഏഴാം ക്ലാസിൽ പഠനം നിർത്തി പന്ത്രണ്ടാം വയസിൽ അച്ഛനൊപ്പം കടലിലിറങ്ങിയതാണ് ഹരിദാസൻ. പിന്നെ ഇളയ സഹോദരങ്ങളെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം ആ തുഴയെറിഞ്ഞാണ്. സഹോദരങ്ങൾക്ക് പ്രിയപ്പെട്ട വല്യേട്ടൻ. സ്നേഹനിധിയായ അച്ഛനാണ് മക്കളായ ചിന്നുവിന്റെയും നന്ദനയുടെയും മനസ്സുനിറയെ. ചിന്നുവിന് കുഞ്ഞ് പിറന്നതിന്റെ ആഹ്ലാദത്തിലായിരുന്നു കുടുംബം. അതാണ് പാതിവഴിയിൽ ആർഎസ്എസ് ക്രിമിനലുകൾ അറുത്തെടുത്തത്.
നിരന്തരം ആക്രമിച്ചു;
ഒടുവിൽ ജീവനും
പുന്നോൽ താഴെവയലിലെ കൊരമ്പിൽ താഴെക്കുനിയിൽ വീട്ടുകാരെ നിരന്തരം വേട്ടയാടിയശേഷമാണ് കുടുംബത്തിന്റെ നെടുംതൂണായ ഹരിദാസനെ ആർഎസ്എസ് അരുംകൊല ചെയ്തത്. മുപ്പതുവർഷമായി അനുഭവിക്കാൻ തുടങ്ങിയിട്ടെന്ന് ഹരിദാസന്റെ സഹോദരങ്ങൾ വേദനയോടെ പറയുന്നു. ‘എന്ത് തെറ്റുചെയ്തിട്ടാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നത്. സിപിഐ എം ആയതാണോ തെറ്റ്. പാർടി ഞങ്ങളുടെ ജീവന്റെ ഭാഗമാണ്. അത് അറുത്തുമാറ്റാൻ ഒരുകൊലക്കത്തിക്കും സാധിക്കില്ല’–-ഹരീന്ദ്രനും സുരേന്ദ്രനും സുരേഷ്ബാബുവിനും ഒരേ സ്വരം.
കുടുംബത്തിൽ രണ്ടുപേർ പാർടി അംഗങ്ങൾ. ബാക്കിയെല്ലാവരും അനുഭാവികൾ. കൊമ്മൽവയൽ, ടെമ്പിൾഗേറ്റ്, ആച്ചുകുളങ്ങര ഭാഗങ്ങളിൽനിന്നുള്ള ആർഎസ്എസ്സുകാരാണ് നിരന്തരം ഉപദ്രവിച്ചത്. രണ്ടുതവണ സുരേന്ദ്രനെ കൊല്ലാൻ ശ്രമിച്ചു. മാക്കൂട്ടം എസ്കെ മുക്കിലൂടെ സുരേഷ്ബാബുവിനെ നടക്കാൻവിടില്ലെന്ന ഭീഷണിപ്പെടുത്തി. താഴെവയലിലൂടെ ആർഎസ്എസ് പ്രകടനം പോയാൽ പറമ്പിലെ വാഴ വെട്ടിമാറ്റും. ഓരോ അക്രമമുണ്ടായപ്പോഴും നാട്ടുകാരാണ് രക്ഷിച്ചത്. ‘അക്രമത്തിൽ സഹികെട്ട് പലവട്ടം അച്ഛന്റെ നാടായ ഗോപാലപ്പേട്ടയിലേക്ക് പോയി. പുതിയ വീടുവച്ച് ഞങ്ങളെല്ലാം മാറി. ഇപ്പോൾ ജ്യേഷ്ഠനും കുടുംബവും അമ്മയുമാണിവിടെ. സ്നേഹസമ്പന്നരായ ജനങ്ങളുള്ള, തികഞ്ഞ സമാധാനമുള്ള സ്ഥലമാണിത്. മറ്റു സ്ഥലങ്ങളിൽനിന്നുള്ളവരാണ് ഇവിടെ കുഴപ്പമുണ്ടാക്കുന്നത്. ജ്യേഷ്ഠന്റെ ജീവനെടുത്തതും അവരാണ്’–-സഹോദരങ്ങൾ പറഞ്ഞു.