കാബൂൾ
ജോലി നഷ്ടമാകേണ്ടെങ്കിൽ ബെഡ് ഷീറ്റുകൊണ്ടെങ്കിലും പുതച്ചുമൂടി വരണമെന്ന് വനിതാ ജീവനക്കാരോട് അഫ്ഗാനിസ്ഥാനിലെ താലിബാൻ ഇടക്കാല സർക്കാർ. ആഗസ്തിൽ താലിബാൻ അധികാരം പിടിച്ചെടുത്തശേഷം ചുരുക്കം പോസ്റ്റുകളിൽ മാത്രമാണ് സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുവാദം. താലിബാൻ കൊണ്ടുവന്ന നന്മ–- തിന്മ മന്ത്രാലയത്തിന്റെതാണ് ചൊവ്വാഴ്ച ഇറക്കിയ പുതിയ ഉത്തരവ്. ‘ഉചിതമായി’ വസ്ത്രം ധരിക്കാതെ എത്തുന്ന സ്ത്രീകളെ ജോലിയിൽനിന്ന് പുറത്താക്കുമെന്നാണ് ഉത്തരവ്. മുൻ താലിബാൻ സർക്കാർ ചെയ്തതുപോലെ ദേഹം മുഴുവൻ മൂടുന്ന ബുർഖ നിർബന്ധമാക്കാനുള്ള നീക്കമായാണ് നിരീക്ഷകർ പുതിയ ഉത്തരവിനെ കാണുന്നത്.