തിരുവനന്തപുരം
പകർച്ചവ്യാധി നേരിടാൻ 140 നിയോജക മണ്ഡലത്തിലും 10 കിടക്കയിൽ കൂടുതലുള്ള ആധുനിക ഐസൊലേഷൻ വാർഡ് സജ്ജമാക്കും. 35 ആശുപത്രിയിൽ നിർമാണം ആരംഭിച്ചു. 90 ഇടത്ത് സ്ഥലം തയ്യാറാക്കി. പകർച്ചവ്യാധി പ്രതിരോധത്തിൽ ആരോഗ്യ മേഖലയെ കൂടുതൽ മികവുറ്റതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
എംഎൽഎ, കിഫ്ബി ഫണ്ടുകൾ ഉപയോഗിച്ച് 250 കോടി രൂപയ്ക്കാണ് പദ്ധതി. കെഎംഎസ്സിഎല്ലിനാണ് ചുമതല. തിരുവനന്തപുരം ഐരാണിമുട്ടം സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി തയ്യാറാക്കുന്ന ഐസൊലേഷൻ വാർഡിന്റെ സ്ഥലം മന്ത്രി സന്ദർശിച്ചു. ആരോഗ്യ ഡയറക്ടർ വി ആർ രാജു, മെഡിക്കൽ സർവീസസ് കോർപറേഷൻ ജനറൽ മാനേജർ ജോയ് എന്നിവർ ഒപ്പമുണ്ടായി.
നാലര മാസത്തിനകം
വാർഡ്
2,400 ചതുരശ്ര അടിയുള്ള കെട്ടിടം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കും. ഫാക്ടറിയിൽ നിർമിച്ച സ്ട്രക്ചറുകൾ ഇവിടെ കൊണ്ടുവന്നു സ്ഥാപിക്കും. നാലര മാസത്തിനുള്ളിൽ അത്യാധുനിക ഐസൊലേഷൻ വാർഡ് സജ്ജമാകും.