മലപ്പുറം
ഫെഡറേഷൻ കപ്പ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ സർവീസസ് പുരുഷകിരീടം ചൂടിയത് മലയാളിതാരങ്ങളുടെ കരുത്തിൽ. ഫൈനലിൽ മലയാളിതാരങ്ങൾ നിറഞ്ഞ ഇന്ത്യൻ റെയിൽവേസിനെ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് നേട്ടം (25–-20, 28–-26,25–-20). സെറ്റർ സഞ്ജുലാൽ, ബ്ലോക്കർ ഷഫീഖ് റഹ്മാൻ, അറ്റാക്കർ നിയാസ് അബ്ദുൾ സലാം, ലിബറോ ദീപു വേണുഗോപാൽ എന്നിവരാണ് സർവീസസ് നിരയിലെ മലയാളിത്തിളക്കം. കണ്ണൂർ സ്വദേശി ജയകുമാറായിരുന്നു ടീമിന്റെ സഹപരിശീലകൻ.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സഞ്ജുലാലും കാസർകോട് കുറ്റിക്കോൽ സ്വദേശിയായ ഷഫീഖ് റഹ്മാനും ഇന്ത്യൻ ആർമി താരങ്ങളാണ്. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ദീപു വേണുഗോപാൽ എയർഫോഴ്സിലും ഈരാറ്റുപേട്ടക്കാരനായ നിയാസ് നേവിയിലുമാണ്.
സർവീസസ് ഫൈനലിൽ തോൽപ്പിച്ച ഇന്ത്യൻ റെയിൽവേസ് ടീമിൽ അഞ്ചു മലയാളിതാരങ്ങളുണ്ടായിരുന്നു. മനു ജോസഫ് (പയ്യന്നൂർ), ഫായിസ് അഹമ്മദ് (കുന്നുമ്മൽ), അലൻ ആഷിഖ് (വാവക്കാട്, നോർത്ത് പറവൂർ), ഒ എസ് സഞ്ജിത് (മാലിയേക്കര, നോർത്ത് പറവൂർ), വൈശാഖ് രഞ്ജിത് (വരാപ്പുഴ) എന്നിവരാണ് റെയിൽവേ ടീമിലുണ്ടായിരുന്നത്.
മിനിമോൾ അബ്രാഹം, ജിൻസി ജോൺസൺ, അശ്വനി കണ്ടോത്ത്, ദേവിക ദേവരാജൻ എന്നിവർ വനിതാവിഭാഗം റണ്ണേഴ്സ് അപ്പായ ഇന്ത്യൻ റെയിൽവേസ് ടീമിലെ മലയാളിമുഖങ്ങളാണ്.