തിരുവനന്തപുരം> അനന്തപുരി എഫ് എമ്മിന്രെ പേരും ഉള്ളടക്കവും മാറ്റിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്പറേഷന് കൗണ്‍സില്‍ പ്രമേയം പാസ്സാക്കി. കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രിക്കും പ്രസാര്‍ ഭാരതിയ്ക്കും ഈ ആവശ്യം ഉന്നയിച്ച് മേയര്‍ കത്തയച്ചു. കേരളത്തില്‍ വളരെ നല്ലനിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അനന്തപുരി എഫ്എം സ്റ്റേഷന്റെ പേരും പരിപാടികളുടെ ഉള്ളടക്കവും മാറ്റിയ നടപടിയില്‍ പ്രതിഷേധം രേഖപെടുത്തുന്നു. യാതൊരു മുന്നറിയിപ്പും കൂടിയാലോചനയുമില്ലാതെ തികച്ചും ഏകപക്ഷീയമായും സ്വേച്ഛാധിപത്യപരമായും ഡല്‍ഹിയില്‍ നിന്നുള്ള ഉന്നതരുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.
കേരളത്തിന്റെ തലസ്ഥാന ജില്ലയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എഫ്എം സ്റ്റേഷന് എന്ന നിലയില്‍ തലസ്ഥാനത്തിന്റെ തന്നെ പ്രചുര പ്രചാരത്തിലുള്ള മറ്റൊരു പേരായ ‘അനന്തപുരി’ എന്ന നാമമാണ് എഫ്എം സ്റ്റേഷന് നല്‍കിയിരുന്നതെങ്കിലും ഇപ്പോള്‍ അത് ‘വിവിധ് ഭാരതി മലയാളം’ എന്നാക്കി മാറ്റിയിരിക്കുന്നു. ശ്രോതാക്കളുടെയോ ഈ മേഖലയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയോ അഭിപ്രായം ആരായാതെ കഴിഞ്ഞ ഏതാനും നാളുകളായി പരിപാടികളുടെ ഉള്ളടക്കത്തിലും മാറ്റം വരുത്തി. മലയാളം പരിപാടികളുടെ സ്ഥാനത്ത് ഹിന്ദി പരിപാടികള്‍ കുത്തിത്തിരുകി ഏകപക്ഷീയമായും രഹസ്യാത്മകമായും വരുത്തിയ ഈ മാറ്റങ്ങള്‍ സ്ഥിരം ശ്രോതാക്കളെ ഈ സ്റ്റേഷന് കേള്‍ക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്.
ഇത്തരം നടപടികള്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിനും ബഹുസ്വരതയ്ക്കും എതിരാണ്. രാജ്യത്ത് നിലവിലുള്ള ഭാഷാ -സാംസ്കാരിക – സാമൂഹിക വൈവിധ്യങ്ങളെ അടിച്ചമര്‍ത്തി ഏകശിലാഘടനയിലുള്ള ഒരു കേന്ദ്രീകൃത ഭരണശൈലി കൊണ്ടുവരുന്നതിനുള്ള വിപുലമായ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഇത്തരം നടപടികള്‍ ഉണ്ടാകുന്നത്. പ്രാദേശിക ചാനലുകളിലും പരിപാടികളിലും ഏകപക്ഷീയമായ മാറ്റങ്ങള്‍ വരുത്തി ഹിന്ദിക്ക് പ്രാമുഖ്യം നല്കാന് ശ്രമിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് നേരെ ഉയരുന്ന വെല്ലുവിളി ആണ്. രാജ്യത്തെ ഭാഷാ-സാംസ്കാരിക വൈവിധ്യങ്ങളും സര്‍ഗാത്മകതയും പരിപോഷിപ്പിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായാണ് ഓള് ഇന്ത്യ റേഡിയോയുടെ കീഴില്‍ പ്രാദേശിക എഫ്എം സ്റ്റേഷനുകള്‍ ആരംഭിച്ചിരുന്നത്. എന്നാല്‍ ഈ അടിസ്ഥാന ആശയത്തിന്റെ കടയ്ക്കല്‍ തന്നെ കത്തി വെക്കുന്ന നടപടിയാണ് ഇപ്പോള്‍ ഓള് ഇന്ത്യ റേഡിയോ ആസ്ഥാനത്തു നിന്നും ഉണ്ടായിരിക്കുന്നത്.
പ്രാദേശിക എഫ്എം ചാനലുകളുടെ അടിസ്ഥാനപരമായ നയങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ശ്രോതാക്കളുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായം തേടുക എന്ന ജനാധിപത്യ മര്യാദ പോലും പാലിക്കാതെയാണ് ഇപ്രകാരം ഏകപക്ഷീയമായ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുള്ളത്. ബന്ധപ്പെട്ടവരെ പൂര്‍ണമായും ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് എടുത്ത തീരുമാനം രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങളേയും ഫെഡറലിസത്തിനേയും ബഹുസ്വരതയേയും സാംസ്കാരിക ഭാഷാവൈവിധ്യങ്ങളേയും തകര്‍ക്കുന്ന നടപടിയാണ്. ഈ വിഷയത്തില്‍ കേന്ദ്ര ഗവണ്മെന്റും പ്രസാര്‍ഭാരതിയും വേണ്ട തിരുത്തല്‍ നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.