അഹമ്മദാബാദ്
2008ലെ അഹമ്മദാബാദ് സ്ഫോടനപരമ്പരക്കേസിലെ പ്രതികളെ സമൂഹത്തിൽ തുടരാൻ അനുവദിച്ചാൽ നരഭോജിയായ പുലിയെ പൊതുസ്ഥലത്ത് തുറന്നുവിടുന്നതിനു തുല്യമാണെന്ന് ഗുജറാത്ത് പ്രത്യേക കോടതി. മൂന്ന് മലയാളികളടക്കം 38 പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് ഇക്കാര്യം പറയുന്നത്. ശനി രാത്രിയാണ് വിധിപ്പകർപ്പ് പുറത്തുവന്നത്. സ്ഫോടനത്തിനു പിന്നിൽ ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദീൻ ആണെന്നും പ്രതികൾ സമാധാനപരമായ ഒരു സമൂഹത്തിൽ അശാന്തി സൃഷ്ടിച്ചെന്നും ദേശദ്രോഹക്കുറ്റം ചെയ്തെന്നും വിധിയിൽ പറയുന്നു. പ്രതികൾക്ക് ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോടോ നീതിന്യായ വ്യവസ്ഥയോടോ ഒരു ബഹുമാനവുമില്ല. മരണംവരെ ജീവപര്യന്തം തടവ് വിധിച്ച 11 പേർ ഗൂഢാലോചനയിൽ പങ്കെടുത്തവരാണെന്നും ഇവർ പുറത്തിറങ്ങിയാൽ സമാനമായ കുറ്റങ്ങൾ ആവർത്തിക്കുമെന്നും ജഡ്ജി എ ആര് പട്ടേല് വിധിയിൽ പറഞ്ഞു.















