തിരുവനന്തപുരം
അതിജീവനകാലത്ത് പ്രതീക്ഷയുടെ ഋതുപ്പച്ചയായി അറിവിന്റെ അക്ഷരച്ചന്തം വിടർന്നു. പ്രാണ– ദേശാഭിമാനി- അക്ഷരമുറ്റം ക്വിസ് പത്താം സീസൺ മെഗാ ഫൈനലിൽ മഹാപ്രതിഭകളായി എട്ടുപേർ. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളായുള്ള മത്സരം അറിവിന്റെ അതിജീവനകാല കാഴ്ചയായി. കോവിഡിനെത്തുടർന്ന് ഒരുവർഷ ഇടവേളയ്ക്കുശേഷമാണ് പത്താം സീസൺ ആരംഭിച്ചത്.
ജില്ലകളിലെ ഒന്നാംസ്ഥാനക്കാരായ 56 പ്രതിഭകളാണ് സംസ്ഥാന മത്സരത്തിൽ മാറ്റുരച്ചത്. തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസിൽ ഞായറാഴ്ച സംഘടിപ്പിച്ച സംസ്ഥാന മത്സരം വിദ്യാർഥികളോട് തത്സമയം ചോദ്യം ചോദിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇതിലെ വിജയികൾക്ക് 1001 രൂപ വീതവും മെമന്റോയും നൽകി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി.
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കെഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ടി ശിവരാജൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, അക്ഷരമുറ്റം സംസ്ഥാന കോ–-ഓർഡിനേറ്റർ നാരായണൻ കാവുമ്പായി, ദേശാഭിമാനി യൂണിറ്റ് മാനേജർ ഐ സെയ്ഫ്, തൈക്കാട് ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് പ്രിൻസിപ്പൽ എം പി ഷാജി, പ്രധാനാധ്യാപിക ജെ എം പ്രീഡാമേരി എന്നിവർ സംസാരിച്ചു.
സംസ്ഥാനതല
വിജയികൾ
എൽപി വിഭാഗം: ഒന്നാം സ്ഥാനം എസ് എൽ ശ്രീലവ്യ (ഗവ. എൽപിഎസ്, വെള്ളനാട് തിരുവനന്തപുരം), രണ്ടാം സ്ഥാനം അദ്വൈത് സുരേഷ് (ആസാദ് മെമ്മോറിയൽ ജിഎൽപിഎസ്, കായിപ്പുറം, ആലപ്പുഴ). യുപി വിഭാഗം: ഒന്നാം സ്ഥാനം നിള റിങ്കു (ആനച്ചൽ ഗവ. യുപിഎസ്, തിരുവനന്തപുരം), രണ്ടാം സ്ഥാനം വി നിരഞ്ജൻ (ജിഎച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്എസ് കലഞ്ഞൂർ, പത്തനംതിട്ട). ഹൈസ്കൂൾ വിഭാഗം: ഒന്നാം സ്ഥാനം അനൂപ് രാജേഷ് (ഗവ. മോഡൽ എച്ച്എസ്എസ്, അമ്പലപ്പുഴ, ആലപ്പുഴ), രണ്ടാം സ്ഥാനം കെ സായന്ത് (സിഎച്ച്എസ്എസ് ചട്ടഞ്ചാൽ, കാസർകോട് ). ഹയർ സെക്കൻഡറി വിഭാഗം: ഒന്നാംസ്ഥാനം അനുഗ്രഹ ജി നായർ (രാജാസ് ഹയർ സെക്കൻഡറി സ്കൂൾ , നീലേശ്വരം, കാസർകോട്). രണ്ടാം സ്ഥാനം: വി ജെ അശ്വിൻ (ജിഎച്ച്എസ്എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം)















