കൊച്ചി
കോവിഡ്മൂലം രണ്ടുവർഷമായി നിശ്ചലമായ സ്കൂൾ കലോത്സവ വേദികളെ പുനരുജ്ജീവിപ്പിക്കാനും പുതിയ പ്രതിഭകളെ കണ്ടെത്താനുമായി ‘ദേശാഭിമാനി അക്ഷരമുറ്റം വെർച്വൽ കലോത്സവം’ സംഘടിപ്പിക്കുന്നു. പ്രാണ ഇൻസൈറ്റ് ഡിജിറ്റൽ ലേണിങ് ആപ്പുമായി സഹകരിച്ച് എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ 12 വ്യക്തിഗത ഇനങ്ങളിൽ കലാപ്രതിഭകൾക്ക് മാറ്റുരയ്ക്കാം. പ്രാണ ഇൻസൈറ്റ് ലേണിങ് ആപ്പാണ് കലോത്സവത്തിന് വെർച്വൽ പ്ലാറ്റ്ഫോം ഒരുക്കുന്നത്. പ്രാണ ഇൻസൈറ്റ് ആപ്പിലൂടെയാണ് മത്സരത്തിന് രജിസ്റ്റർ ചെയ്യേണ്ടത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്യണം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെയും സ്കൂളിന്റെയും പേര്, ഫോൺ നമ്പർ, മത്സരിക്കുന്ന ഇനങ്ങൾ, സ്കൂളിലെ പ്രധാനാധ്യാപകന്റെ സമ്മതപത്രം എന്നിവ രജിസ്ട്രേഷൻ പേജിൽ അപ്ലോഡ് ചെയ്ത് 23 മുതൽ മാർച്ച് 10 വരെ രജിസ്റ്റർ ചെയ്യാം.
ഒരാൾക്ക് അഞ്ച് ഇനത്തിൽ മത്സരിക്കാം. മത്സര ഇനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്യേണ്ട തീയതി പിന്നീട് അറിയിക്കും. സംസ്ഥാന അടിസ്ഥാനത്തിലാണ് മത്സരം. പൊതുജനങ്ങൾക്കും വീഡിയോ കണ്ട് ഇഷ്ടപ്പെട്ട മത്സരാർഥിക്ക് വോട്ട് ചെയ്യാം. ഓരോ ഇനത്തിലും പൊതുജനങ്ങളിൽനിന്ന് കൂടുതൽ വോട്ട് ലഭിക്കുന്ന വിദ്യാർഥിയാകും വിജയി. നാല് വിഭാഗങ്ങളിൽനിന്നായി 48 വിജയികൾക്ക് പ്രാണ ഇൻസൈറ്റ് ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവൽ മെഗാ ഫൈനലിന്റെ സമ്മാനദാനവേദിയിൽ സമ്മാനങ്ങൾ നൽകും. ഓരോ വിഭാഗത്തിലെയും ഒന്നാംസ്ഥാനക്കാർക്ക് 50,000 രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് സമ്മാനം.















