കണ്ണൂർ
സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി ‘ഹിസ്റ്ററി വാൾ’ എന്ന പേരിൽ പ്രാദേശിക ചരിത്രരേഖകളുടെ സമഗ്രമായ ഡിജിറ്റൽ ആർക്കെെവ് തയ്യാറാക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും കർഷക–-കമ്യൂണിസ്റ്റ് സമര മുന്നേറ്റങ്ങളുടെയും കണ്ണൂരിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ പ്രാദേശിക ചരിത്രത്തിലേക്കുള്ള സഞ്ചാരമാണ് ചരിത്ര ആർക്കെെവ്. മാർച്ച് ഒന്നിന് ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ് ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
നാടിന്റെ ഇന്നലകൾ അടയാളപ്പെടുത്തിയ ചരിത്രത്തിന്റെ അന്വേഷണവും ശേഖരണവുമാണ് ലക്ഷ്യമാക്കുന്നത്. സിപിഐ എം ലോക്കൽ കമ്മിറ്റികൾ, ഏരിയാ കമ്മിറ്റികൾ, ജില്ലാ കമ്മിറ്റി എന്നിങ്ങനെ മൂന്നു തലങ്ങളിലായിരിക്കും പ്രവർത്തനം. ആർക്കെെവ് ടീം അതത് തലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ സമഗ്രവിവരം തയ്യാറാക്കും.
സമരചരിത്രം ഡിജിറ്റൽ
മ്യൂസിയത്തിൽ
ഡോക്യുമെന്ററികൾ, ചെറുവീഡിയോ, ഡിസൈനുകൾ എന്നിങ്ങനെ വിവിധ രൂപങ്ങളിൽ തയ്യാറാക്കുന്ന ചരിത്രസഞ്ചിക ലോക്കൽ, ഏരിയ, ജില്ലാ കമ്മിറ്റികളുടെ ഫെയ്സ്ബുക്ക് പേജിലൂടെയും മറ്റു നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കും. പാർടി കോൺഗ്രസ് സമാപിക്കുന്നതോടെ സിപിഐ എമ്മിന്റെയും വർഗ – –-ബഹുജന സംഘടനകളുടെയും നവമാധ്യമ പേജുകൾ നാടിന്റെ സമരചരിത്രത്തിന്റെ ഡിജിറ്റൽ മ്യൂസിയമാകും. സിപിഐ എം ചരിത്രം, സ്വാതന്ത്ര്യസമര പോരാട്ടം, കർഷക പോരാട്ടങ്ങൾ, തൊഴിലാളി മുന്നേറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, സംഭവങ്ങൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ ഡോക്യുമെന്റ് ചെയ്യും. സാംസ്കാരിക സ്ഥാപനങ്ങൾ, തെയ്യം, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ, തൊഴിൽമേഖല, നാട്ടുവൈദ്യം തുടങ്ങി വിവിധ മേഖലകളിലെ ചരിത്രവും അടയാളപ്പെടുത്തും. സ്വാഗതസംഘം മീഡീയാ ക്രിയേറ്റീവ് സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഇതിനായി ശിൽപ്പശാലയുമുണ്ടാകും.















